
ഫിലഡല്‍ഫിയ: കുവൈറ്റിലെ മംഗഫിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ട അമ്പതോളം ഇന്ത്യൻ പ്രവാസി സഹോദരങ്ങള്‍ക്ക് ആദരാഞ്ജലി അർപ്പിച്ച് കല. ജൂണ്‍ 12-ാം തീയതി സൂമില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ കലയുടെ പ്രസിഡന്റ് ഷാജി മറ്റത്താനി അനുശോചനയോഗത്തിന് നേതൃത്വം നല്‍കി. താല്‍ക്കാലിക ലാഭത്തിനായി സുരക്ഷ ക്രമീകരണങ്ങള്‍ ഒഴിവാക്കിയതാണ് ഈ മഹാദുരന്തത്തിന് കാരണമായതെന്ന് യോഗം വിലയിരുത്തി.
കേരളത്തില്‍ എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തിങ്ങിപാര്‍ക്കുന്ന അന്യദേശ തൊഴിലാളികളുടെ താമസ്ഥലങ്ങളിലേക്ക് സംസ്ഥാനത്തെ അധികാര വര്‍ഗ്ഗം തിരിഞ്ഞുനോക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എങ്കില്‍ മാത്രമേ ഇത്തരം മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ ഒഴിവാക്കുവാന്‍ സാധിക്കുകയുള്ളൂ. 25ഓളം പ്രവാസി മലയാളികളാണ് അപകടത്തിൽ മരിച്ചത്. ചികില്‍സയില്‍ കഴിയുന്ന എല്ലാ പ്രവാസികളും എത്രയും വേഗം സുഖംപ്രാപിക്കട്ടെ എന്ന് യോഗത്തില്‍ സംസാരിച്ച കലയുടെ ഭാരവാഹികള്‍ ആശംസിക്കുകയും, മരിച്ചുപോയ പ്രവാസി മലയാളികളുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അറിയിക്കുകയും ചെയ്തു.
കലയുടെ മുതിര്‍ന്ന നേതാക്കളായ ജോര്‍ജ് ജെ.മാത്യു സിപിഎ, ഡോ.ജെയിംസ് കുറിച്ചി, സണ്ണി എബ്രഹാം, തങ്കപ്പന്‍ നായര്‍, ജോര്‍ജ് വി. ജോര്‍ജ്, കലാഭാരവാഹികളായ സുജിത് ശ്രീധര്‍, സജി സെബാസ്റ്റിയന്‍, ജോജി ചെരുവേലില്‍, ജിമ്മി ചാക്കോ, സിബിച്ചന്‍ മുക്കാടന്‍, സിബി ജോര്‍ജ്, ജോയി കരുവത്തി, ജോണി കരുവത്തി, ജയിംസ് ജോസഫ്, ഫോമ മിഡ് അറ്റ്‌ലാന്റിക് ആര്‍.വി.പി.ജോജോ കോട്ടൂര്‍, ഫോമാ ജോയിന്റ് സെക്രട്ടരി ജയ്‌മോള്‍ ശ്രീധര്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.