കെ. രാധാകൃഷ്ണന് വോട്ടഭ്യർഥിച്ച് കലാമണ്ഡലം ഗോപിയുടെ വിഡിയോ; സുരേഷ് ഗോപിക്ക് പരോക്ഷ മറുപടി

തൃശ്ശൂര്‍: ബിജെപി നേതാവും തൃശൂരെ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണനായി വോട്ടഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി. വിഡിയോ സന്ദേശത്തിലൂടെയാണ് കലാമണ്ഡലം ഗോപിയുടെ വോട്ടഭ്യർത്ഥന. മന്ത്രിയായ കെ രാധാകൃഷ്ണനെ വിജയിപ്പിക്കണമെന്ന് കലാമണ്ഡലം ഗോപി വിഡിയോയില്‍ പറയുന്നുണ്ട്.

തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്‍ വേണ്ടെന്ന് തുറന്നടിച്ചതിനു പിന്നാലെയാണ് ഇടത് സ്ഥാനാർത്ഥിക്കു വേണ്ടി വോട്ടഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി രംഗത്തെത്തിയത്. കെ രാധാകൃഷ്ണന്റെ പ്രവൃത്തിയെപ്പറ്റിയും സ്വഭാവത്തെപ്പറ്റിയും തനിക്ക് നല്ലതുപോലെ ബോധ്യമുണ്ടെന്നും ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് വോട്ടഭ്യർത്ഥിക്കുന്നതെന്നും കലാമണ്ഡലം ഗോപി പറയുന്നു. താൻ കലാമണ്ഡലത്തിൽ അധ്യാപകനായിരിക്കുമ്പോൾ ചേലക്കരയിലെ ജനപ്രതിനിധി എന്ന നിലയിലും രാധാകൃഷ്ണൻ പരിചിതനെന്നും കലാമണ്ഡലം ഗോപി വിഡിയോയില്‍ പറയുന്നു.

കഴിഞ്ഞദിവസമാണ് സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും തന്റെ പിതാവിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസിലാക്കണമെന്നും മലാമണ്ഡലം ഗോപിയുടെ മകന്‍ രഘുരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

സുരേഷ് ഗോപി കാണാനെത്തുമെന്നും അനുഗ്രഹിക്കണമെന്നും ഒരു ഡോക്ടർ നിർബന്ധിച്ചെന്ന് കലാമണ്ഡലം ഗോപിയുടെ മകൻ വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. പറ്റില്ലെന്ന് പറഞ്ഞപ്പോൾ ആശാന് പത്മ വിഭൂഷൺ വേണ്ടേ എന്ന് ചോദിച്ചതായും മകൻ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, തനിക്കു വേണ്ടി കലാമണ്ഡലം ഗോപിയെ വിളിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.