തമിഴ്നാട് വ്യാജ മദ്യദുരന്തത്തിൽ മരണസംഖ്യ 54 ആയി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

തമിഴ്നാട്: കരുണാപുരത്തു നിന്ന് വ്യാജമദ്യം കഴിച്ച് നാല് പേർ കൂടി മരിച്ചതോടെ തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 54 ആയി. മരിച്ചവരിൽ 48 പുരുഷന്മാരും ആറ് സ്ത്രീകളും ഉൾപ്പെടുന്നു. കഴിഞ്ഞ രാത്രിയിൽ മരണത്തിന് കീഴടങ്ങിയവരിൽ ഭൂരിഭാഗവും കരുണാപുരം സ്വദേശികളാണ്.

30 പേർ കള്ളക്കുറിച്ചി മെഡിക്കൽ കോളജ് ആശുപത്രിയിലും 17 പേർ സേലത്തെ സർക്കാർ മോഹൻ കുമാരമംഗലം മെഡിക്കൽ കോളജിലും നാലുപേർ വില്ലുപുരം മെഡിക്കൽ കോളജിലും മൂന്നുപേർ പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലും (ജിപ്മർ) ആണ് മരണത്തിന് കീഴടങ്ങിയത്.

ആറ് സ്ത്രീകളും ഒരു ട്രാൻസ്‌ വ്യക്തിയും ഉൾപ്പെടെ 142 പേർ കള്ളക്കുറിച്ചി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും സേലം, വില്ലുപുരം, പുതുച്ചേരിയിലെ ജിപ്മർ എന്നിവിടങ്ങളിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലും ചികിത്സയിലാണ്.

വെള്ളിയാഴ്ച, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, അനധികൃത മദ്യം തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് ജില്ലാ കളക്ടർമാരുമായും ജില്ലാ പോലീസ് സൂപ്രണ്ടുമായും വീഡിയോ കോൺഫറൻസ് വഴി അവലോകന യോഗം നടത്തി.

പ്രധാന പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെ, സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ, പിഎംകെ സ്ഥാപകൻ എസ്. രാമദോസും അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് പറഞ്ഞു. ഈ കച്ചവടത്തെ പിന്തുണയ്ക്കുന്ന ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide