കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം : മരണം 33 ആയി, നൂറിലേറെ പേര്‍ ചികിത്സയില്‍, പലരുടെയും നില അതീവ ഗുരുതരം

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലയില്‍ കരുണാപുരത്തുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരണം 33 ആയി ഉയര്‍ന്നു. നൂറിലേറെ പേര്‍ ചികിത്സ തേടിയിട്ടുണ്ട്. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. വിദഗ്ധ ചികിത്സ നല്‍കാനായി വില്ലുപുരം, സേലം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം കള്ളക്കുറിച്ചി മെഡിക്കല്‍ കോളജിലെത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ മദ്യവില്‍പനശാലയായ ‘ടാസ്മാക്കി’ല്‍ ഉയര്‍ന്ന വില നല്‍കേണ്ടതിനാല്‍ ലോക്കല്‍ വില്‍പനക്കാരില്‍ നിന്നു മദ്യം വാങ്ങിയവരാണു ദുരന്തത്തിനിരയായത്. സംഭവത്തില്‍ വ്യാജമദ്യം വിറ്റയാള്‍ ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റിലായി. പിടിച്ചെടുത്ത മദ്യ സാംപിളില്‍ മെഥനോളിന്റെ അംശം കണ്ടെത്തിയതിനുപിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ചിലര്‍ക്ക് തലകറക്കം, തലവേദന, ഛര്‍ദി, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് നിരവധി പേര്‍ ചികിത്സ തേടിയത്.