കമല ഹാരിസിന്റെ ഭര്‍ത്താവിന് കോവിഡ് സ്ഥിരീകരിച്ചു, കമലയ്ക്ക് രോഗമില്ല

വാഷിംഗ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ഭര്‍ത്താവ് ഡഗ് എംഹോഫിന് അടുത്തിടെ കോവിഡ് -19 കോവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതോടെ ശനിയാഴ്ച കോവിഡ് ടെസ്റ്റ് നടത്തിയെന്നും പോസിറ്റീവ് എന്ന് ഫലം ലഭിച്ചതായും എംഹോഫിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ലിസ അസെവെഡോ പറഞ്ഞു.

അദ്ദേഹം വാക്‌സിനും മൂന്ന് ബൂസ്റ്റര്‍ ഡോസുകളും എടുത്തിട്ടുണ്ടെന്നും രോഗം അദ്ദേഹത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല, നിലവില്‍ രോഗലക്ഷണങ്ങളോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ലാത്തതിനാല്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് തുടരുന്നുവെന്നും എന്നാല്‍ വീട്ടില്‍ മറ്റുള്ളവരില്‍ നിന്ന് അകല്‍ച്ച പാലിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി.

വ്യാഴാഴ്ച യു.എസില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വൈറ്റ് ഹൗസില്‍ ഹാരിസിനും പ്രസിഡന്റ് ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും സമീപം നില്‍ക്കുന്ന എംഹോഫിന്റെ ചിത്രങ്ങള്‍ പുറത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.