
ദില്ലി: ദില്ലിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിന് നേരെ ആക്രമണം. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രണ്ടു പേരാണ് കനയ്യയെ കൈയേറ്റം ചെയ്തത്. വടക്ക് കിഴക്കൻ ദില്ലി മണ്ഡലത്തിലെ പ്രചരണത്തിനിടെ മാല അണിയിക്കാൻ എന്ന പേരിൽ വന്ന യുവാക്കളാണ് പെട്ടെന്ന് അക്രമകാരികളായി മാറിയത്. ഇവർ കനയ്യയെ മർദ്ദിച്ചു. കനയ്യയെ അക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പ്രതികൾ തന്നെ പങ്കുവച്ചിട്ടുണ്ട്. കനയ്യ കുമാർ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നു എന്നും സൈനികർക്ക് എതിരെ സംസാരിക്കുന്നു എന്നും ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. സ്ഥലത്തുണ്ടായിരുന്ന ദില്ലിയിലെ എ എ എ വനിതാ എം എൽ എയോടും ഇവർ മോശമായി പെരുമാറി. ആക്രമണം തടയാൻ വന്നവർക്ക് നേരെ പ്രതികൾ കറുത്ത മഷിയും ഒഴിച്ചു. സംഭവത്തിൽ കനയ്യയും വനിതാ എം എൽ എയും പരാതി നൽകിയിട്ടുണ്ട്.
Kanhaiya Kumar attacked in North East Delhi,