
ബെംഗളൂരു: കന്നഡ സിനിമാ നിര്‍മ്മാതാവും വ്യവസായിയുമായ സൗന്ദര്യ ജഗദീഷിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മഹാലക്ഷ്മി ലേഔട്ടിലെ വസതിയിലാണ് ഇദ്ദേഹത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കാനാകില്ലെന്നും പോലീസ് അറിയിച്ചു.
ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മരണത്തിലേക്ക് നയിച്ച പ്രശ്‌നമെന്താണെന്ന് അറിയില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു. ജഗദീഷിന് സാമ്പത്തിക ബാധ്യതകള്‍ ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും മരണത്തിന് പിന്നില്‍ ഇതാണോ എന്നും വ്യക്തമല്ല.
നഗരത്തില്‍ ഒരു പബ്ബിന്റെ ഉടമ കൂടിയായ ജഗദീഷ് സിനിമാ നിര്‍മ്മാതാവ് എന്നതിനൊപ്പം ബില്‍ഡറും വ്യവസായിയും കൂടിയായിരുന്നു. അടുത്തിടെ ചില സിനിമാ പ്രവര്‍ത്തകരും അണിയറപ്രവര്‍ത്തകരും രാത്രി വൈകി പാര്‍ട്ടി നടത്തിയതിനെ തുടര്‍ന്ന് പബ്ബ് വിവാദത്തില്‍ പെട്ടിരുന്നു, അതിന്റെ ഫലമായി അതിന്റെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കപ്പെട്ടിരുന്നതായി വിവരമുണ്ട്.














