
ബംഗളൂരു: ഹുക്ക പുകവലി സംസ്ഥാനവ്യാപകമായി അടിയന്തരമായി നിരോധിക്കാന്‍ നടപടിയെടുത്ത് കര്‍ണ്ണാടക. പൊതുജനാരോഗ്യത്തെയും യുവാക്കളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയും ഗുരുതരമായ ആരോഗ്യ അപകടങ്ങള്‍ കണക്കിലെടുത്തുമാണ് കര്‍ണാടക സര്‍ക്കാരിന്റെ നീക്കം. ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവുവാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സിഗരറ്റും മറ്റ് പുകയില ഉല്‍പന്നങ്ങളുടേയും നിയമം (COTPA) ഭേദഗതി ചെയ്തുകൊണ്ടാണ് കര്‍ണാടകയില്‍ ഹുക്ക പുകവലി നിരോധനം നടപ്പിലാക്കുന്നത്. നമ്മുടെ ഭാവി തലമുറയ്ക്കായി സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം കെട്ടിപ്പടുക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് എക്‌സില്‍ കുറിച്ച പോസ്റ്റില്‍ ആരോഗ്യ മന്ത്രി വ്യക്തമാക്കി. കന്നഡയില്‍ എഴുതിയ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഉത്തരവും പോസ്റ്റില്‍ അദ്ദേഹം ചേര്‍ത്തിട്ടുണ്ട്.
ഹുക്കയില്‍ ഉപയോഗിക്കുന്ന അജ്ഞാത ചേരുവകള്‍ ആസക്തിയിലേക്ക് നയിച്ചേക്കാമെന്ന് വിലയിരുത്തി 2023 സെപ്റ്റംബറില്‍, കര്‍ണാടക സര്‍ക്കാര്‍ ഹുക്ക ബാറുകള്‍ നിരോധിക്കുമെന്നും പുകയില ഉപഭോഗത്തിനുള്ള നിയമപരമായ പ്രായം 18 ല്‍ നിന്ന് 21 വയസ്സായി ഉയര്‍ത്തുമെന്നും ഗുണ്ടു റാവു പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനം വന്ന് നാലുമാസങ്ങള്‍ പിന്നിടുമ്പോഴാണ് നിരോധനം വരുന്നത്.
ഹരിയാന സര്‍ക്കാരും സംസ്ഥാനത്തുടനീളം ഹുക്ക നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഗ്രാമ പ്രദേശങ്ങളിലെ പരമ്പരാഗത ഹുക്കയ്ക്ക് നിരോധനം ബാധകമല്ലതാനും.














