
ബെംഗളൂരു: മഹാഭാരതവും രാമായണവും സാങ്കൽപ്പികമാണെന്ന് പറയുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് വലതുപക്ഷ സംഘടന നടത്തിയ പ്രതിഷേധത്തെ തുടർന്ന് കർണാടകയിലെ മംഗളൂരുവിലെ ഒരു സ്‌കൂളിലെ അധ്യാപികയെ പിരിച്ചുവിട്ടു.
തീരദേശ നഗരത്തിലെ സെൻ്റ് ജെറോസ ഇംഗ്ലീഷ് എച്ച്ആർ പ്രൈമറി സ്‌കൂളിലെ ഒരു അധ്യാപിക മഹാഭാരതവും രാമായണവും സാങ്കൽപ്പികമാണെന്ന് വിദ്യാർത്ഥികളെ പഠിപ്പിച്ചുവെന്ന് ബിജെപി എംഎൽഎ വേദ്യാസ് കാമത്തിൻ്റെ പിന്തുണയുള്ള വലതു സംഘടന ആരോപിച്ചു.
2002ലെ ഗോധ്ര കലാപത്തെക്കുറിച്ചും ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിനെക്കുറിച്ചും സംസാരിച്ച അധ്യാപിക, പ്രധാനമന്ത്രി മോദിക്കെതിരെ പരാമർശങ്ങൾ ഉന്നയിച്ചതായി സംഘം ആരോപിച്ചു. “കുട്ടികളുടെ മനസ്സിൽ വെറുപ്പിൻ്റെ വികാരങ്ങൾ ഉണ്ടാക്കാൻ” അവൾ ശ്രമിക്കുന്നു, സംഘടനയുടെ പരാതിയിൽ പറഞ്ഞു.
“അത്തരത്തിലുള്ള അധ്യാപികയെ നിങ്ങൾ പിന്തുണയ്ക്കാൻ നിങ്ങളുടെ സദാചാര മണ്ഡലത്തിന് എന്ത് സംഭവിച്ചു? എന്തിനാണ് നിങ്ങൾ ആ ടീച്ചറെ സ്കൂളിൽ നിലനിർത്തുന്നത്? നിങ്ങൾ ആരാധിക്കുന്ന യേശു സമാധാനം ആഗ്രഹിക്കുന്നു. നിങ്ങളുടെ സിസ്റ്റർമാർ ഞങ്ങളുടെ ഹിന്ദു കുട്ടികളോട് പൊട്ടുകുത്തരുതെന്ന് ആവശ്യപ്പെടുന്നു. പൂക്കളും പാദസരങ്ങളും ധരിക്കരുതെന്ന് പറയുന്നു. ശ്രീരാമന് പാലഭിഷേകം നടത്തുന്നത് പാഴ് വേലയാണെന്ന് അവർ പറഞ്ഞു. ആരെങ്കിലും നിങ്ങളുടെ വിശ്വാസത്തെ അവഹേളിച്ചാൽ നിങ്ങൾ മിണ്ടാതിരിക്കില്ലല്ലോ,” ബിജെപി എംഎൽഎ പറഞ്ഞു.
ശ്രീരാമൻ ഒരു പുരാണ കഥാപാത്രമാണെന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥികളെ അധ്യാപിക പഠിപ്പിച്ചുവെന്ന് മാതാപിതാക്കൾ അവകാശപ്പെട്ടു.
പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (ഡിഡിപിഐ) ആണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിന്റെ പേരിൽ അധ്യാപികയെ സ്‌കൂളിൽ നിന്ന് പിരിച്ചുവിട്ടു.