
ന്യൂഡൽഹി: കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെ സുപ്രീം കോടതി ജഡ്ജിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന സുപ്രീം കോടതി കൊളീജിയമാണ് ജനുവരി 19ന് ജസ്റ്റിസ് പ്രസന്ന ബി വരാലെയുടെ പേര് ശുപാർശ ചെയ്യാൻ ഏകകണ്ഠമായി തീരുമാനിച്ചത്.
61 കാരനായ ജസ്റ്റിസ് വരാല മഹാരാഷ്ട്രയിലെ ഡോ. ബാബാസാഹെബ് അംബേദ്കര്‍ മറാത്ത്‌വാഡ സര്‍വകലാശാലയില്‍ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്. ബോംബെ ഹൈക്കോടതിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ സുപ്രീം കോടതി ജഡ്ജി സ്ഥാനത്ത് ദളിത് വിഭാഗത്തില്‍ നിന്നുള്ള മൂന്നാമത്തെ അംഗമാകും ജസ്റ്റിസ് വരാലെ. ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് സി ടി രവികുമാര്‍ എന്നിവരാണ് മറ്റംഗങ്ങള്‍.
2022 ഒക്ടോബറിലാണ് കര്‍ണാടക ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റെടുത്തത്. കഴിഞ്ഞ മാസം വിരമിച്ച എസ് കെ കൗളിന് പകരമാണ് ഇദ്ദേഹത്തെ നിയമിക്കുക. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം പരമാവധിയായ 34ലെത്തും