
ബംഗളൂരു: മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പയ്‌ക്കെതിരായ നിർബന്ധിത നടപടികൾ നിർത്തിവച്ച കർണാടക ഹൈക്കോടതി മുതിർന്ന നേതാവിനോട് പോക്‌സോ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ നിർദേശിച്ചു.
സിഐഡി പോലീസിൻ്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ അതിവേഗ കോടതി യെദ്യൂരപ്പയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ജൂലൈ 17 ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ സന്നദ്ധത അറിയിച്ച് യെദ്യൂരപ്പ പോലീസിന് കത്തയച്ചതിനാൽ, അറസ്റ്റ് ചെയ്യുന്നതിനോ തടങ്കലിൽ വയ്ക്കുന്നതിനോ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനോ ഇപ്പോൾ സാധ്യമല്ലെന്ന് ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് ചൂണ്ടിക്കാട്ടി. ഹർജിക്കാരൻ സംസ്ഥാനത്തിൻ്റെ മുൻ മുഖ്യമന്ത്രിയും പ്രായത്തിന്റേതായ ആരോഗ്യപ്രശ്നങ്ങൾ ഉള്ള ആളുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ യെദ്യൂരപ്പയ്ക്ക് സിഐഡി പൊലീസ് നോട്ടീസ് നൽകിയിരുന്നു. ജൂൺ 11 ന് ഹാജരാകാൻ കഴിയില്ലെന്നും 17 ന് ഹാജരാകാമെന്നും കാണിച്ച് യെദ്യൂരപ്പ പോലീസിന് കത്തയച്ചിരുന്നു.
6 ദിവസത്തിന് ശേഷം ഹാജരാകാൻ തൻ്റെ കക്ഷി സമ്മതിച്ചെങ്കിലും പോലീസ് കോടതിയെ സമീപിച്ച് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് നേടിയെന്ന് യെദ്യൂരപ്പയുടെ അഭിഭാഷകൻ വാദിച്ചു.