
മംഗളൂരു: മംഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ ആറാം ദിവസവും കണ്ടെത്താനായില്ല. അർജുനും ലോറിയും പെട്ടു എന്നുകരുതിയ റോഡിലെ മണ്ണിനടിയില്‍ ലോറി ഇല്ലെന്ന് കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ സ്ഥിരീകരിച്ചതോടെ രക്ഷപ്രവർത്തനം ഇനി എങ്ങനെ എന്ന ചോദ്യമാണ് ഉയരുന്നത്. റഡാർ സിഗ്നല്‍ കിട്ടിയ സ്ഥലത്ത് ലോറിയില്ലെന്ന് സ്ഥിരീകരിച്ചതായി റവന്യു മന്ത്രിഅറിയിച്ചു. 98 ശതമാനം മണ്ണെടുത്തിട്ടും ലോറി കണ്ടെത്താനായില്ല. മണ്ണിടിച്ചില്‍ സാധ്യത ഉള്ളതിനാല്‍ ഇനി മണ്ണ് എടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരിശോധന ഇനി എങ്ങനെ തുടരണമെന്ന് സൈന്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരച്ചില്‍ ഇനി പുഴയിലേക്ക് മാറ്റുമെന്നാണ് സൂചന. പുഴയിലെ തിരച്ചില്‍ അതിസങ്കീര്‍ണമാകുമെന്നും റവന്യൂ മന്ത്രി പറഞ്ഞു.
തിരച്ചിൽ ആംഭിച്ച് ആറ് ദിവസമാകുമ്പോൾ കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തുകയാണ്. മഴയത്തും സൈന്യവും, അഗ്നിശമന സേനയും, പോലീസും, നാവിക സേനയും ചേർന്ന് രക്ഷാ ദൗത്യം ഊർജിതമാക്കുകയാണെന്നും കൃഷ്ണബൈരെ ഗൗഡ വ്യക്തമാക്കി.ബെലഗാവിയിൽ നിന്നുള്ള നാൽപതംഗ സൈന്യമാണ് അർജുനായുള്ള തിരച്ചിലിന് ഇന്ന് ഉച്ചയോടെ ഷിരൂരിലെത്തിയത്.