
കൽപ്പറ്റ: മിഷൻ ബേലൂർ മഖ്നയിൽ പങ്കുചേരാൻ കർണാടകയിൽ നിന്നുള്ള ദൗത്യ സംഘവും വയനാട്ടിലെത്തി. കർണാടക വനംവകുപ്പിന്റെ 25 അംഗ സംഘം ബേഗൂർ ഫോറസ്റ്റ് ഓഫീസിലെത്തിയത്. വിജയകരമായ കാട്ടാന ദൗത്യങ്ങളിൽ പങ്കെടുത്ത കർണാടകസംഘമാണ് വയനാട്ടിൽ എത്തിയിരിക്കുന്നത്.
വെറ്റിനറി ഡോക്ടർ, വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംഘത്തിലുണ്ട്. നേരത്തെ ബേലൂർ മഖ്നയെ കർണാടകയിൽ വെച്ച് മയക്കുവെടി വെച്ച് പിടികൂടിയ സംഘമാണ് എത്തിച്ചേർന്നിരിക്കുന്നത്. ആനയുടെ റേഡിയോ കോളർ സിഗ്നൽ ലൊക്കേറ്റ് ചെയ്യാനുള്ള ബാഗ്ലൂരിൽ നിന്നുള്ള പ്രത്യേക സംഘവും ഇവർക്കൊപ്പമുണ്ട്.
ദൗത്യം ആറാം ദിവസവും ദുഷ്കരമായി തുടരുന്ന സാഹചര്യത്തിലാണ് കർണാടക സംഘവും കേരളത്തിൽ നിന്നുള്ള ദൗത്യസംഘത്തിനൊപ്പം ചേരുന്നത്. രാവിലെ പനവല്ലിക്കടുത്ത് മാനിവയലിലായിരുന്ന കാട്ടാന ഉച്ചയോടെ കുതിരക്കോട് വനമേഖലയിലേക്ക് മാറി. പിന്നീട് മറ്റൊരു മോഴയാനക്കൊപ്പം ചേര്‍ന്ന് സഞ്ചാരം തുടരുകയാണ്. ബുധനാഴ്ച രാത്രിയോടെയാണ് രണ്ടാനകളും കാട്ടിക്കുളം- തോല്‍പ്പെട്ടി റോഡ് മുറിച്ചുകടന്ന് മാനിവയല്‍ മേഖലയിലേക്ക് പോയത്.
ഇരു കാട്ടാനകളേയും വേര്‍പെടുത്തിയ ശേഷമേ മയക്കുവെടി വെക്കാന്‍ സാധിക്കുകയുള്ളൂ. മയക്കുവെടിവെക്കാന്‍ സാധ്യമായ ഭൂപ്രദേശത്ത് ബേലൂര്‍ മഖ്‌നയെ എത്തിക്കണമെന്നതും വനംവകുപ്പിന് വെല്ലുവിളിയാണ്. ഏതാണ്ട് 20 കിലോമീറ്ററോളമാണ് കഴിഞ്ഞരാത്രി മുതല്‍ ബേലൂര്‍ മഖ്‌ന സഞ്ചരിച്ചത്.












