യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കര്‍ണാടക എംഎല്‍എ എച്ച്.ഡി രേവണ്ണ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കര്‍ണാടക ജെഡി(എസ്) എംഎല്‍എ എച്ച്ഡി രേവണ്ണയെ പരാതി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അശ്ലീല വീഡിയോ കേസില്‍ മകന്‍ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെയുള്ള ബലാത്സംഗ ആരോപണങ്ങളും ഇതേ സംഘം അന്വേഷിക്കുന്നുണ്ട് .

എച്ച്ഡി രേവണ്ണയ്ക്കും സഹായി സതീഷിനുമെതിരെയാണ് യുവതിയുടെ മകന്‍ തട്ടിക്കൊണ്ടുപോകല്‍ പരാതി നല്‍കിയത്. അതിനിടെ യുവതിയെ കര്‍ണാടക പോലീസ് കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘവുമായി യുവതി സംസാരിക്കും. അഞ്ച് വര്‍ഷത്തോളം രേവണ്ണയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന യുവതി മൂന്ന് വര്‍ഷം മുമ്പ് ജോലി ഉപേക്ഷിച്ചു. എച്ച്ഡി രേവണ്ണയുടെ അടുത്ത സഹായിയായ സതീഷ് ഏപ്രില്‍ 26ന് ഇവരെ കൂട്ടിക്കൊണ്ടുപോയതായി മകന്‍ ആരോപിച്ചു. അതേ ദിവസം തന്നെ അവരെ വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും ഏപ്രില്‍ 29 ന് എച്ച്ഡി രേവണ്ണയുടെ ആളെത്തി അവരെ കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്നാണ് അമ്മയെ കാണാനില്ലന്ന പരാതി മകന്‍ നല്‍കിയത്. ഈ കേസിലാണ് എച്ച് ഡി രേവണ്ണയെ കസ്റ്റഡിയിലെടുത്തത്.

കസ്റ്റഡിയിലെടുക്കുന്നതിന് തൊട്ടുമുമ്പ്, തട്ടിക്കൊണ്ടുപോകല്‍ കേസില്‍ അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കണമെന്ന എച്ച്ഡി രേവണ്ണയുടെ അപേക്ഷ പ്രാദേശിക കോടതി നിരസിച്ചിരുന്നു.