
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസിൽ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കരുവന്നൂരില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ വെളിപ്പെടുത്താത്ത നിക്ഷേപങ്ങളുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയെന്നുമാണ് ഇഡി സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
25 വെളിപ്പെടുത്താത്ത അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ആകെ 1.73 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഇതില്‍ 63.98 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവുമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. നിക്ഷേപം സിപിഐഎം ജില്ലാ കമ്മിറ്റിയുടെ ബാലന്‍സ് ഷീറ്റിന് വിരുദ്ധമാണ്. സിപിഐഎം ബാലന്‍സ് ഷീറ്റ് അനുസരിച്ച് നാല് വീതം ബാങ്ക് അക്കൗണ്ടുകളും സ്ഥിര നിക്ഷേപവുമാണുള്ളത്.
വായ്പ നല്‍കാന്‍ ഉന്നത സിപിഐഎം നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും എസി മൊയ്തീന്‍, പി രാജീവ്, പാലൊളി മുഹമ്മദ് കുട്ടി എന്നിവര്‍ ഇടപെട്ടുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കേസിലെ മാപ്പുസാക്ഷിയായ ടി ആര്‍ സുനില്‍ കുമാറിന്റേതാണ് മൊഴി. കരുവന്നൂര്‍ ബാങ്കില്‍ സിപിഐഎമ്മിന് അക്കൗണ്ടുണ്ട്. പാര്‍ട്ടി ലെവി, പാര്‍ട്ടി ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവ ബാങ്കില്‍ നിക്ഷേപിച്ചുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
കരുവന്നൂര്‍ ബാങ്കില്‍ നിയമവിരുദ്ധ വായ്പ്പകള്‍ അനുവദിക്കാന്‍ മന്ത്രി പി രാജീവിന്റെ സമ്മര്‍ദമുണ്ടായി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്നപ്പോള്‍ പി രാജീവ് നിയമവിരുദ്ധ വായ്പ അനുവദിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ഇഡിയുടെ ആരോപണം.
വിവിധ സിപിഎം ലോക്കല്‍, ഏരിയ കമ്മിറ്റികളുടെ പേരില്‍ നിരവധി രഹസ്യ അക്കൗണ്ടുകളുണ്ട്. പാര്‍ട്ടി കെട്ടിട ഫണ്ട് അക്കൗണ്ട്, ഏരിയ കോണ്‍ഫറന്‍സ് സുവനീര്‍ അക്കൗണ്ട് എന്നീ പേരുകളില്‍ തട്ടിപ്പ് നടത്തി കോടികള്‍ രഹസ്യ അക്കൗണ്ടുകളിലൂടെ സിപിഎം നിക്ഷേപിച്ചുവെന്നും ഇഡിയുടെ സത്യവാങ്മൂലത്തിലുണ്ട്.