
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണമിടപാട് കേസിൽ സിപിഎമ്മിനെ പ്രതി ചേർത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി). ബാങ്കിൽ നിന്ന് തട്ടിയെടുത്ത പണം സിപിഎം കൈപ്പറ്റിയെന്ന് ഇ.ഡിയുടെ റിപ്പോർട്ടിൽ പറയുന്നു. സിപിഎമ്മിന്റേതും സ്വകാര്യ വ്യക്തികളുടേതും ഉൾപ്പെടെ 29 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. അതേസമയം ഇ.ഡി നടപടിയില്‍ പ്രതികരിക്കാന്‍ കേന്ദ്ര കമ്മിറ്റി യോഗം കഴിഞ്ഞ് ഇറങ്ങിയ സിപിഎം നേതാക്കള്‍ തയാറായില്ല.
സിപിഎം ജില്ല സെക്രട്ടറി എം.എം. വർഗീസിന്റെ പേരിലുള്ളതാണ് കണ്ടുകെട്ടിയ സ്വത്തും അക്കൗണ്ടുകളും. പാർട്ടിയുടെ വിവിധ ഘടകങ്ങളുടെ എട്ട് അക്കൗണ്ടുകളാണ് കണ്ടുകെട്ടിയത്. തൃശൂർ ജില്ല കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകളും കണ്ടുകെട്ടിയതിൽ ഉൾപ്പെടും. കണ്ടുകെട്ടിയതിൽ അധികവും ബാങ്കിൽ നിന്ന് ലോണെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ സ്വത്തുക്കളാണ്.
പൊറത്തിശേരി ലോക്കൽ കമ്മിറ്റി ഓഫിസ് നിർമിക്കാൻ വാങ്ങിയ ഭൂമിയും ഇ.ഡി. കണ്ടുകെട്ടി. സിപിഎമ്മിൽ നിന്ന് മാത്രം കണ്ടുകെട്ടിയത് 73 ലക്ഷത്തിന്റെ സ്വത്തുക്കളാണ്. കരുവന്നൂർ ബാങ്കിൽ നിന്ന് അനധികൃതമായി വായ്പ തരപ്പെടുത്തിയ ഒമ്പത് വ്യക്തികളുടെ സ്വത്തുക്കളും കണ്ടുകെട്ടി.











