
ശ്രീനഗര്‍: ശീതകാല സീസണിലെ ആദ്യ മഞ്ഞുവീഴ്ച കശ്മീരിനെ ഒരു സ്വപ്‌നഭൂമിയാക്കി മാറ്റുന്നു. മഞ്ഞ് പുതച്ച ഉധംപൂരിലെ ബസന്ത്ഗഡ് താഴ്‌വര വ്യാഴാഴ്ച ശീതകാല വിസ്മയഭൂമിയായി മാറി.
റിയാസി ജില്ലയിലെ മഹോറും ഗുല്‍മാര്‍ഗും മഞ്ഞിന്റെ പുതിയ പാളികള്‍ ഏറ്റുവാങ്ങി കൂടുതല്‍ ആകര്‍ഷകമായി.
ജമ്മു കശ്മീരിന്റെ ഹൃദയമായ ശ്രീനഗറും മഞ്ഞു പുതപ്പില്‍ പുതച്ച് ഈ സീസണിലെ ആദ്യത്തെ നേരിയ മഞ്ഞുവീഴ്ചയെ സ്വാഗതം ചെയ്തു. മഞ്ഞ് ആസ്വദിക്കുന്ന വിനോദ സഞ്ചാരികള്‍ കശ്മീരിലേക്ക് ഒഴുകിയെത്തുകയാണ്.
തുടര്‍ച്ചയായ കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിലും ജമ്മു കശ്മീരിലെ ബാരാമുള്ള-ബനിഹാല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പോസ്റ്റ് ചെയ്ത വീഡിയോ കാണിക്കുന്നു. മഞ്ഞിന്‍ പുതപ്പിനെ വകഞ്ഞുമാറ്റി തീവണ്ടി കടന്നുപോകുന്നത് നോക്കിനില്‍ക്കേണ്ട കാഴ്ചയായി മാറുകയാണ്.
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാറുള്ള കത്രയിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രവും മഞ്ഞ് പൂശി ശാന്തമായി നിലകൊള്ളുകയാണ്.
പൂഞ്ച്, രജൗരി ജില്ലകളെ ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന മുഗള്‍ റോഡ് കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് വാഹനഗതാഗതത്തിന് തടസ്സമായത് മഞ്ഞിന്റെ മറ്റൊരുമുഖം കൂടി കാട്ടിത്തരുന്നു. തുടര്‍ച്ചയായ മഞ്ഞുവീഴ്ച മൂലമുണ്ടായ തടസ്സങ്ങള്‍ക്കാരണം ജമ്മു-ശ്രീനഗര്‍ ദേശീയ പാതയും അടച്ചിട്ടിരിക്കുകയാണ്.
അതേസമയം, വരും ദിവസങ്ങളില്‍ ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പര്‍വതപ്രദേശങ്ങളിലും ഹരിയാന, ഡല്‍ഹി എന്‍സിആര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സമതല പ്രദേശങ്ങളിലും കനത്ത മഴയും മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.