ഇന്ത്യ സമുദ്രാതിർത്തി കടന്നാൽ പരമാധികാരത്തിന്റെ ലംഘനം; മുൻ ശ്രീലങ്കൻ ഹൈക്കമ്മീഷണർ

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദശാബ്ദങ്ങൾ പഴക്കമുള്ള കച്ചത്തീവ് പ്രശ്നം വീണ്ടും സജീവമാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കിടയിൽ, പ്രതികരണവുമായി ഇന്ത്യയിലെ മുൻ ശ്രീലങ്കൻ പ്രതിനിധി ഓസ്റ്റിൻ ഫെർണാണ്ടോ. സമുദ്രാതിർത്തി കടന്ന് ഇന്ത്യ എന്തെങ്കിലും നീക്കങ്ങൾ നടത്തുമെന്ന് തോന്നുന്നില്ലെന്നും അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അത് ശ്രീലങ്കയുടെ പരമാധികാരത്തിന് മേലുള്ള ഇന്ത്യയുടെ കടന്നുകയറ്റമാകുമെന്നും ഓസ്റ്റിൻ ഫെർണാണ്ടോ പ്രതികരിച്ചു.

നിലവിലെ സാഹചര്യത്തിൽ കച്ചത്തീവിനെ ഒരു രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നീക്കം മാത്രമാണെന്നും ഓസ്റ്റിൻ ഫെർണാണ്ടോ പറഞ്ഞു. കൊളംബോയിൽ നിന്ന് ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ഫെർണാണ്ടോ കച്ചത്തീവ് വിഷയത്തിൽ പ്രതികരിച്ചത്.

“ഗോവയ്ക്ക് സമീപം പാകിസ്ഥാൻ ഇത്തരത്തിൽ കടൽ കയ്യേറ്റം നടത്തിയാൽ ഇന്ത്യ അത് സഹിക്കുമോ? അല്ലെങ്കിൽ ബംഗാൾ ഉൾക്കടലിൽ ബംഗ്ലാദേശ് ഇതുപോലെ എന്തെങ്കിലും ചെയ്താൽ, ഇന്ത്യയുടെ പ്രതികരണം എന്തായിരിക്കും?, ”2018 നും 2020 നും ഇടയിൽ ഇന്ത്യയിലെ ശ്രീലങ്കൻ ഹൈക്കമ്മീഷണറായിരുന്ന ഫെർണാണ്ടോ പറഞ്ഞു.

“തമിഴ്‌നാട്ടിൽ താരതമ്യേന ബി.ജെ.പിക്ക് കാര്യമായ സ്വാധീനമില്ല, അതിനാൽ കച്ചത്തീവിനെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനാണ് അവർ ശ്രമിക്കുന്നത്. ഇത് തിരഞ്ഞെടുപ്പ് കാലത്തെ ഒരു തന്ത്രം മാത്രമാണെന്ന് തോന്നുന്നു. പക്ഷേ, ഇങ്ങനെയൊക്കെ പറഞ്ഞുകഴിഞ്ഞാൽ, തിരഞ്ഞെടുപ്പിന് ശേഷം സർക്കാരിന് വിഷയത്തിൽ നിന്ന് പുറത്തുകടക്കുക കഠിനമായിരിക്കും ”അദ്ദേഹം പറഞ്ഞു.

1974-ൽ കച്ചത്തീവ് എന്ന ചെറിയ ദ്വീപ് ഇന്ത്യ ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തിരുന്നു. ഇപ്പോൾ, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്‌ചകൾ മുമ്പ്, തമിഴ്‌നാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ദിരാഗാന്ധി ഗവൺമെൻ്റ് ശ്രീലങ്കയ്‌ക്ക് കച്ചത്തീവ് ദ്വീപ് നിസ്സാരമായി വിട്ടുനൽകുകയായിരുന്നു എന്നായിരുന്നു പറഞ്ഞത്.

More Stories from this section

family-dental
witywide