ബ്രിട്ടനിലെ കെയ്റ്റ് രാജകുമാരിക്ക് കാൻസർ, കിമോതെറപ്പി തുടങ്ങിയെന്ന് അവരുടെ വിഡിയോ സന്ദേശം

ബ്രിട്ടനിലെ ചാൾസ് രാജാവിൻ്റെ മകനും കിരീടാവകാശിയുമായ വില്യം രാജകുമാരൻ്റെ ഭാര്യ കെയ്റ്റ് മിഡിൽട്ടണ് ( 42) കാൻസർ . കെയ്റ്റ് രാജകുമാരി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതിരുന്നിട്ട് കുറച്ചു നാളുകളായിരുന്നു. ഇതു സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളും പടർന്നിരുന്നു.

തനിക്ക് കാൻസർ സ്ഥിരീകരിച്ചെന്നും ഇപ്പോൾ കീമോതെറപ്പി ചികിൽസ നടക്കുകയാണെന്നും ഇന്നലെ പുറത്തിറങ്ങിയ വിഡിയോ സന്ദേശത്തിൽ അവർ അറിയിച്ചു. ജനുവരിയിൽ തനിക്ക് ഒരു ശസ്ത്രക്രിയ വേണ്ടി വന്നു എന്ന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് അവർ അറിയിച്ചിരുന്നെങ്കിലും എന്താണ് രോഗം എന്നു പറഞ്ഞിരുന്നില്ല. അതിനിടെ അവരുടെ ആരോഗ്യം സംബന്ധിച്ച് ഓരുപാട് ഊഹോപോഹങ്ങൾ പ്രചരിച്ചിരുന്നു.

“ജനുവരിയിൽ, എനിക്ക് ലണ്ടനിൽ വച്ച് ഒരു ശസ്ത്രക്രിയ നടത്തി, കുഴപ്പമില്ല എന്നാണ് ആദ്യം കരുതിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നു, പക്ഷേ തുടർ പരിശോധനയിൽ ക്യാൻസറിൻ്റെ സാന്നിധ്യം കണ്ടെത്തി. തൽഫലമായി, എൻ്റെ മെഡിക്കൽ സംഘം കീമോതെറപ്പി ചികിത്സ ശുപാർശ ചെയ്തു. ഇപ്പോൾ അത് തുടങ്ങിയിരിക്കുന്നു.” അവർ അറിയിച്ചു

കഴിഞ്ഞ ദിവസം അവർ പുറത്തു വിട്ട അവരുടെ ഫോട്ടോ എഡിറ്റ് ചെയ്തതാണെന്ന വിവാദം കൂടി കൊടുമ്പിരി കൊണ്ടു നിൽക്കെ യാഥാർഥ്യമെന്താണെന്ന് കെയ്റ്റ് തന്നെ വെളിപ്പെടുത്തുകയായിരുന്നു. വില്യമിൻ്റെ പിതാവ് ചാൾസ് രാജാവ് അർബുദ ചികിൽസയിലാണ് എന്ന് കഴിഞ്ഞ മാസം രാജകൊട്ടാരം വെളിപ്പെടുത്തിയിരുന്നു.

Kate Middleton Says She is Fighting Cancer And Undergoing Chemotherapy