
ലണ്ടന്‍: യുകെയിലും അയലര്‍ലണ്ടിലും വീശിയടിച്ച് കാത്‌ലീൻ കൊടുങ്കാറ്റ്. ഇതോടെ യുകെയിലെയും അയര്‍ലണ്ടിലെയും ചില ഭാഗങ്ങളിലുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയത് യാത്രക്കാര്‍ക്ക് വലിയരീതിയിലുള്ള ബുദ്ധിമുട്ടുണ്ടാക്കി. വിവിധ വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്.
ലണ്ടനില്‍ നൂറിലധികം വിമാനങ്ങളാണ് റദ്ദാക്കേണ്ടി വന്നത്. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ട്, ബെല്‍ഫാസ്റ്റ് സിറ്റി എയര്‍പോര്‍ട്ട് എന്നിവയുള്‍പ്പെടെ അയര്‍ലന്‍ഡിലെയും യുകെയിലെയും വിമാനത്താവളങ്ങളിലെ വിമാനങ്ങളെ ബാധിച്ചു. വിമാനങ്ങള്‍ റദ്ദാക്കിയ ഉപഭോക്താക്കള്‍ക്ക് ഇതര ഫ്‌ലൈറ്റിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനോ റീഫണ്ട്, ഹോട്ടല്‍ താമസം, ഭക്ഷണം എന്നിവ സ്വീകരിക്കാനോ ഉള്ള ഓപ്ഷന്‍ നല്‍കുന്നുണ്ടെന്ന് ഈസിജെറ്റ് അറിയിച്ചു.
കൊടുങ്കാറ്റ് ഇരു രാജ്യങ്ങളിലും വീശിയടിക്കുകയും പതിനായിരക്കണക്കിന് ഐറിഷ് വീടുകളില്‍ വൈദ്യുതി മുടങ്ങുകയും ചെയ്തിട്ടുണ്ട്. കൊടുങ്കാറ്റ് രാജ്യത്തുടനീളം നിരവധി വൈദ്യുതി തടസ്സങ്ങള്‍ക്ക് കാരണമായതായും, ഏകദേശം 34,000 വീടുകളും ഫാമുകളും ബിസിനസ് സ്ഥാപനങ്ങളെയും ഇത് ബാധിച്ചതായും ഐറിഷ് വൈദ്യുതി വിതരണക്കാരായ ഇഎസ്ബി നെറ്റ്വര്‍ക്ക്‌സ് പറഞ്ഞു.
സ്‌കോട്ട്ലന്‍ഡില്‍, കാത്‌ലീൻ കൊടുങ്കാറ്റ് റെയില്‍, ഫെറി സേവനങ്ങളെ ബാധിച്ചു. സ്‌കോട്ടിഷ് റെയില്‍ സേവനങ്ങള്‍ നേരത്തെ തന്നെ താല്‍ക്കാലിക വേഗത നിയന്ത്രണങ്ങള്‍ നടപ്പിലാക്കി.