
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിയെ കുറിച്ചുള്ള നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കാണാതായ പെൺകുട്ടി നാഗർകോവിൽ റെയിൽവേ സ്റ്റേഷനിലിറങ്ങി കുപ്പിയിൽ വെള്ളം നിറച്ച ശേഷം ട്രെയിനിൽ തിരികെ കയറുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വെള്ളം നിറച്ച ശേഷം അതേ ട്രെയിനിൽ തന്നെ കയറി പെൺകുട്ടി യാത്ര തുടരുകയായിരുന്നു.
പെണ്‍കുട്ടി കന്യാകുമാരിയില്‍ എത്തിയെന്ന നിഗമനത്തിലാണ് നിലവില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കേരള പൊലീസിന് പുറമേ തമിഴ്‌നാട് പൊലീസും റെയില്‍വേ പൊലീസും ആര്‍.പി.എഫും കന്യാകുമാരിയിലും പരിസരപ്രദേശങ്ങളിലും തിരച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍, ബുധനാഴ്ച രാവിലെ മുതല്‍ കന്യാകുമാരി മേഖലയില്‍ തിരച്ചില്‍ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല.
കഴക്കൂട്ടം ബ്ലോക്ക് ഓഫിസിനു സമീപം താമസിക്കുന്ന അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മീൻ ബീഗത്തെയാണ് ചൊവ്വാഴ്ച രാവിലെ 10 മുതൽ കാണാതായത്.കുട്ടിയെ കാണാനില്ലെന്ന വിവരം മാതാപിതാക്കൾ പൊലീസിൽ അറിയിക്കുകയായിരുന്നു.
രാവിലെ സഹോദരിമാരുമായി വഴക്കിട്ട തസ്മീനെ മാതാപിതാക്കൾ ശകാരിച്ചിരുന്നു. പിന്നീട് അവർ ജോലിക്കു പോയി. ഉച്ചക്ക് വീട്ടിലെത്തിയപ്പോഴാണ് കുട്ടി അവിടെയില്ലെന്ന് മനസിലായത്. കുട്ടിക്ക് അസമീസ് ഭാഷ മാത്രമേ അറിയൂ എന്നാണ് മാതാപിതാക്കൾ പറയുന്നത്. കുട്ടി വിവേക് എക്സ്പ്രസിൽ പോയെന്നും സംശയമുണ്ട്. ട്രെയിൻ ഇപ്പോൾ വിജയവാഡയിൽ എത്തിയിട്ടുണ്ട്.