
കൊച്ചി: തെരഞ്ഞെടുപ്പിനെ മോദി എത്രമാത്രം ഭയപ്പെടുന്നു എന്നുള്ളതിനു തെളിവാണ് അദ്ദേഹം നടത്തിയ വിദ്വേഷ പ്രസംഗമെന്ന് എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ.സി വേണുഗോപാൽ. ഒരു പ്രധാനമന്ത്രി സംസാരിക്കേണ്ട ഭാഷയിലല്ല മോദി സംസാരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നുണ പ്രചരിപ്പിക്കുന്ന ആളാണ് മോദിയെന്നും വേണുഗോപാൽ പറഞ്ഞു. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കോൺഗ്രസ് പ്രകടന പത്രികയെ കുറിച്ച് അവാസ്തവമായ കാര്യങ്ങളാണ് മോദി പ്രചരിപ്പിക്കുന്നത്. പ്രകടന പത്രികയിൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് വർഗീയ ധ്രുവീകരണം നടത്താനാണ് മോദി ശ്രമിക്കുന്നത്. കോൺഗ്രസ് പ്രകടന പത്രിക കൈമാറാൻ കോൺഗ്രസ് അധ്യക്ഷൻ പ്രധാനമന്ത്രിയുടെ അപ്പോയിൻമെന്‍റ് തേടിയിട്ടുണ്ട്. പ്രധാനമന്ത്രി കോൺഗ്രസിന്റെ പ്രകടന പത്രിക വായിച്ചു പഠിക്കട്ടെ. മോദിയുടെ വിദ്വേഷ പ്രചാരണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കളും സ്‌ഥാനാർഥികളും കോൺഗ്രസ് പ്രകടന പത്രിക മോദിക്ക് അയച്ചുകൊടുക്കും.
മോദിയുടെ പ്രസംഗത്തിനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. ഒരു ലക്ഷം പേർ ഒപ്പിട്ട നിവേദനവും കമ്മീഷന് കൈമാറും. വിദ്വേഷ പ്രസംഗങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ വിദ്വേഷ പ്രസംഗമാണ് മോദി നടത്തിയത്.ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനവും പരസ്യമായ കലാപാഹ്വാനവുമാണ്. പൗരത്വ ബില്ലിനെ കൃത്യമായി പാർലമെൻ്റിൽ കോൺഗ്രസ് എതിർത്തു. മതത്തിൻ്റെ അടിസ്ഥാനത്തിൽ സിഎഎ നടപ്പാക്കില്ലെന്ന് രാഹുൽ പറഞ്ഞു. എന്നിട്ടും മോദി നുണ പ്രചരിപ്പിക്കുകയാണ്.
പരാജയ ഭീതിയുടെ വിഭ്രാന്തിയിൽ നിന്നുണ്ടായ പ്രസംഗമാണ് മോദിയുടേതെന്നും വേണുഗോപാൽ ആരോപിച്ചു. മോദി രാജ്യത്തെ ജനങ്ങളെ വിഭജിക്കുവാൻ ശ്രമിക്കുകയാണ്. മണിപ്പൂരിലും ഇതേ തന്ത്രമാണ് മോദി സ്വീകരിച്ചത്. തന്റെ പേരെടുത്ത് പറഞ്ഞുള്ള മോദിയുടെ വിമർശനം പച്ചക്കള്ളമാണ്. രാജ്യസഭ രേഖകൾ എടുത്തു നോക്കിയാൽ എന്റെ ഡിബേറ്റുകളെ കുറിച്ചറിയാം, ഞാൻ രാജസ്ഥാനെ കുറിച്ചും കേരളത്തെ കുറിച്ചും ചോദിച്ചിട്ടുണ്ട്. ബിജെപി എംപിമാർ ചോദിച്ചതിനേക്കാൾ കൂടുതൽ ചോദ്യങ്ങൾ ഞാൻ ചോദിച്ചിട്ടുണ്ട്. എന്തിനാണ് പ്രധാനമന്ത്രി ഇങ്ങനെ കള്ളം പറയുന്നതെന്നും വേണുഗോപാൽ ചോദിച്ചു. കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസൻ, ഡിസിസി പ്രസിഡന്റ് മുഹമ്മ്ദ് ഷിയാസ്, കോൺഗ്രസ് നേതാക്കളായ ദീപ്തി മേരി, അബ്ദുൾ മുത്തലിബ്, ഷാനിമോൾ ഉസ്‌മാൻ, കെ.പി ശ്രീകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പിണറായിയുടെ സർട്ടിഫിക്കറ്റ് രാഹുലിന് വേണ്ടെന്ന് കെ സി വേണുഗോപാൽ
പിണറായിയുടെയും മോദിയുടെയും പ്രസംഗം എഴുതുന്നത് ഒരാളാണെന്നും കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു. രണ്ടുപേർക്കും ഒരേ ഭാഷയാണ്. ഇത്രയും അപഹാസ്യനായ ഒരാളുടെ കയ്യിൽ നിന്നും രാഹുലിന് സ്വഭാവ സർട്ടിഫിക്കറ്റ് വേണ്ട. യഥാർഥ കമ്യൂണിസ്റ്റുകാരന്‍റെ മനസിനകത്ത് രാഹുലുണ്ട്. ഇന്ത്യ സഖ്യത്തിൽ എന്നാണ് പിണറായി വന്നതെന്ന് വേണുഗോപാൽ ചോദിച്ചു. ഇന്ത്യ സഖ്യത്തിലെ ഏതെങ്കിലും ഒരു യോഗത്തിൽ പിണറായി പങ്കെടുത്തിട്ടുണ്ടോ. ഇന്ത്യ സഖ്യത്തിന്റെ പേര് പിണറായി പറഞ്ഞത് തന്നെ രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കാൻ വേണ്ടി മാത്രമാണ്. മധുരയിൽ സിപിഎം വോട്ടു പിടിച്ചത് രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർഥിയാണെന്ന് പറഞ്ഞാണ്. സീതാറാം യെച്ചൂരിയെക്കാൾ വലിയ ആളല്ലല്ലോ പിണറായി വിജയൻ. പിണറായിയുടെ സ്വഭാവ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ് അയോഗ്യത. രാഹുലിനെ വിമർശിക്കുന്നതിൽ മോദിയേക്കാൾ മുന്നിലാണെന്ന് വരുത്താനുള്ള ശ്രമത്തിലാണ് പിണറായി വിജയനെന്നും വേണുഗോപാൽ ആരോപിച്ചു. സ്വന്തം ഭരണത്തിലെ വൃത്തികേടുകൾ ജനങ്ങളിൽ നിന്ന് മറച്ച പിടിക്കാനുള്ള തന്ത്രമാണിത്. മകൾക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങൾക്ക് ഒരു വരി പോലും മറുപടി പറയാത്ത പിണറായി വിജയനാണ് രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കുന്നതെന്നും വേണുഗോപാൽ പരിഹസിച്ചു.
kc venugopal against pm modi and cm pinarayi vijayan