“മോദി വിളിച്ചാൽ ബിഷപ്പുമാർക്ക് രോമാഞ്ചം” പരാമർശം; മന്ത്രി സജി ചെറിയാനെതിരെ കെസിബിസി

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത വൈദികരെ വിമര്‍ശിച്ച മന്ത്രി സജി ചെറിയാനെതിരെ കെ സി ബിസി. ആലപ്പുഴയില്‍ സിപിഎം സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെ മന്ത്രി നടത്തിയ പരാമര്‍ശമാണ് സംസ്ഥാനത്ത് പുതിയ വിവാദത്തിന് തുടക്കമിട്ടത്. പ്രധാനമന്ത്രിയുടെ വിരുന്നിനെ പരാമര്‍ശിച്ച മന്ത്രി ചില ബിഷപ്പുമാര്‍ക്ക് ബിജെപി വിളിച്ചാല്‍ പ്രത്യേക രോമാഞ്ചമുണ്ടാകുമെന്നും മുന്തിരിവാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പുരിനെ മറന്നുവെന്നും പ്രസംഗിച്ചിരുന്നു.

സജി ചെറിയാന്റെ വാക്കുകള്‍ ഒരു മന്ത്രിയ്ക്ക് യോജിച്ചതല്ലെന്നായിരുന്നു ആക്ഷേപത്തിന് കെസിബിസി നല്‍കുന്ന മറുപടി. ഒപ്പം ഈ വാക്കുകള്‍ സിപിഎമ്മിന്റെ സംഭവാനയാണോ എന്ന നിലയിലും കെസിബിസി ആശങ്ക ഉന്നയിക്കുന്നു. ഇത്തരം സ്ഥാനത്തിരിക്കുന്ന വ്യക്തികൾ സംസ്കാരത്തോടെ , മാന്യമായി വിമർശിക്കണമെന്ന് കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പള്ളി പറഞ്ഞു.

അടുത്തിടെ വിവിധ വിഷയങ്ങളില്‍ കെസിബിസിയും സര്‍ക്കാരും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന നിലയുണ്ടായിരുന്നു. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ റബര്‍ വില പരാമര്‍ശം മുതല്‍ നവകേരള സദസ് വരെ അത് നീളുകയും ചെയ്തിരുന്നു. ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കെസിബിസി മീഡിയാ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കലാണ് നവകേരള സദസിനെതിരെ രംഗത്തെത്തിയത്. നവകേരള സദസ് സഞ്ചരിക്കുന്ന ജൈവ പ്രദര്‍ശനമാണെന്നായിരുന്നു എകെ ബാലന്റെ പരാമര്‍ശത്തെ പരിഹസിച്ച് കെസിബിസി മീഡിയാ സെക്രട്ടറി നടത്തിയ പ്രതികരണം.

KCBC criticizes Minister Saji Cheriyan on his speech about bishops

More Stories from this section

family-dental
witywide