
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യം അവസാനിക്കുന്നതിനാല്‍ കെജ്രിവാള്‍ ജയിലിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു. ജൂണ്‍ ഒന്നായ നാളെക്കൂടി മാത്രമേ കെജ്രിവാളിന് ജാമ്യമുള്ളു. ജൂണ്‍ രണ്ടായ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് താന്‍ വീട്ടില്‍ നിന്നും ജയിലിലേക്ക് പോകുമെന്ന് അരവിന്ദ് കെജ്രിവാള്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
”മറ്റന്നാള്‍, കീഴടങ്ങാന്‍ ഞാന്‍ ഉച്ചകഴിഞ്ഞ് 3 മണിക്ക് എന്റെ വീട്ടില്‍ നിന്ന് ഇറങ്ങും. ഞങ്ങള്‍ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുകയാണ്, രാജ്യത്തിന് വേണ്ടി എന്റെ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നാല്‍ വിലപിക്കരുത്” എന്നും അണികളോടായി കെജ്രിവാള്‍ പറഞ്ഞു.
വെല്ലുവിളികള്‍ക്കിടയിലും ഡല്‍ഹിയിലെ ജനങ്ങളുടെ ക്ഷേമമാണ് തന്റെ പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ കെജ്രിവാള്‍ സൗജന്യ വൈദ്യുതി, മൊഹല്ല ക്ലിനിക്കുകള്‍, ആശുപത്രികള്‍, സൗജന്യ മരുന്നുകള്‍, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര തുടങ്ങിയ അവശ്യ സേവനങ്ങളും മറ്റും തടസ്സമില്ലാതെ തുടരുമെന്നും വാക്കു നല്‍കിയാണ് ജയിലിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നത്.
50 ദിവസത്തെ ജയില്‍വാസത്തിനിടയില്‍ തന്റെ ആരോഗ്യം കാര്യമായി വഷളായെന്നും അതിന്റെ ഫലമായി ശരീരഭാരം ഗണ്യമായി കുറയുകയും ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. ജയിലില്‍വെച്ച് പ്രമേഹത്തിനുള്ള മരുന്ന് തനിക്ക് നിഷേധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം നീട്ടാന്‍ ശ്രമിച്ചെങ്കിലും നിരാശയോടെയാണ് ജയിലിലേക്കുള്ള മടക്കം.












