
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കിയേക്കുമെന്ന് സൂചന. അതുകൊണ്ടുതന്നെ സുരക്ഷ ഇരട്ടിയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം, പ്രതിഷേധം ശക്തമാകുന്ന സാഹചര്യമാണ് ഉണ്ടാകുന്നതെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കെജ്രിവാളിനെ ഹാജരാക്കാനും ഇഡി ആവശ്യപ്പെട്ടേക്കാമെന്നും വിവരമുണ്ട്. മാത്രമല്ല, തുടര്‍ ചോദ്യം ചെയ്യലുകള്‍ക്കും അന്വേഷണങ്ങള്‍ക്കും കെജ്രിവാളിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനും ഇ.ഡി ആവശ്യപ്പെടും.
അതിനിടെ കേജ്രിവാളിന്റെ രാജി ആവശ്യപ്പെടുന്നതു സംബന്ധിച്ച് ലെഫ്. ഗവര്‍ണര്‍ നിയമോപദേശം തേടിയിട്ടുണ്ട്. മാത്രമല്ല, കേജ്രിവാളിന്റെ രാജി എന്ന ലക്ഷ്യത്തിലേക്കാണ് ബിജെപി നീങ്ങുന്നത്. രാജി വച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനും നീക്കമുണ്ട്.
മദ്യനയ അഴിമതിക്കേസിലെ അറസ്റ്റിനു പിന്നാലെ നടപടികള്‍ ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതിയില്‍ അരവിന്ദ് കെജ്രിവാള്‍ നേരിട്ട് ഹാജരാകാനാണ് സാധ്യത. കോടതി അനുവദിച്ചാന്‍ അദ്ദേഹം തന്നെ വാദിച്ചേക്കും.
പ്രതിഷേധം കണക്കിലെടുത്ത് കെജ്രിവാളിന്റെ വസതിയില്‍ ഡല്‍ഹി പോലീസ് ഇരട്ട സുരക്ഷാ വലയം സ്ഥാപിക്കുകയും നിരീക്ഷണത്തിനായി ഡ്രോണുകള്‍ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. എംഎല്‍എ രാഖി ബിര്‍ള ഉള്‍പ്പെടെയുള്ള ഒരു ഡസനോളം ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെ സിവില്‍ ലൈനിലെ കെജ്രിവാളിന്റെ വീടിന് പുറത്ത് നിന്ന് മുദ്രാവാക്യം വിളിക്കുകയും ബഹളം വയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് രാത്രി കുറച്ച് സമയത്തേക്ക് തടഞ്ഞുവക്കുകയും പിന്നീട് രാത്രി അവരെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ച രാവിലെ 10 മണിയോടെ എഎപി പ്രവര്‍ത്തകരുടെ വലിയ തോതിലുള്ള പ്രതിഷേധം പലയിടത്തും പോലീസ് പ്രതീക്ഷിക്കുന്നുണ്ട്. രാജ്യവ്യാപകമായി പ്രതിഷേധത്തിനിറങ്ങാനാണ് പ്രവര്‍ത്തകര്‍ തയ്യാറെടുക്കുന്നത്. അക്ബര്‍ റോഡിലെയും എപിജെ അബ്ദുള്‍ കലാം റോഡിലെയും ഇഡി ഓഫീസുകള്‍ക്ക് പുറത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം വെള്ളിയാഴ്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയേക്കും.
കെജ്രിവാളിന്റെ ഫ്‌ലാഗ്സ്റ്റാഫ് റോഡിലെ വസതിയില്‍ വടക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ റിസര്‍വ് സേനയെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെയും വിന്യസിച്ചു. വടക്കന്‍ ഡല്‍ഹിയിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പോകുന്ന പാതയിലും ബാരിക്കേഡുകള്‍ സ്ഥാപിച്ച് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് ശ്രമിക്കുന്നു. നഗരത്തിന്റെ ഒരു ഭാഗത്തുനിന്നും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കാന്‍ ധാരാളം മുന്‍കരുതലുകള്‍ എടുക്കുന്നതിലേക്ക് പൊലീസ് കടന്നു.
മാത്രമല്ല, മുതിര്‍ന്ന എഎപി നേതാക്കള്‍ നടത്തുന്ന പ്രസംഗങ്ങളും ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്. ജില്ലാ ഡിസിപിമാരോട് അതീവജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചില ദുര്‍ബല പ്രദേശങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്. പ്രതിഷേധം മൂലമുണ്ടായേക്കാവുന്ന തടസ്സങ്ങള്‍ നിയന്ത്രിക്കാന്‍ ട്രാഫിക് പോലീസും അതീവ ജാഗ്രതയിലാണ്. അതിര്‍ത്തികളിലും റോഡുകളിലും പിക്കറ്റിംഗ് ശക്തമാക്കിയിട്ടുണ്ട്, പ്രതിഷേധക്കാരെ തിരിച്ചറിയാന്‍ വാഹനങ്ങള്‍ പരിശോധിക്കുന്നു.









