
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന വാര്‍ത്തയ്ക്ക് ചൂടുപിടിച്ചാണ് ഇന്നത്തെ പ്രഭാതത്തിന്റെ ആദ്യമണിക്കൂറുകള്‍ കടന്നുപോയത്. എന്നാല്‍ ഇതുവരെ അത്തരത്തിലൊരു നീക്കവും ഇ.ഡിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. മാത്രമല്ല കെജ്രിവാളിന്റെ വീട് റെയ്ഡു ചെയ്യുമെന്ന അഭ്യൂഹങ്ങളില്‍ അത്തരത്തിലൊരു നീക്കവും തങ്ങളുടെ ഭാഗത്തുനിന്നും ഇന്നുണ്ടാകില്ലെന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ താന്‍ ഒരു അഴിമതിയിലും ഉള്‍പ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി കെജ്രിവാള്‍ തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്. ‘ഒരു അഴിമതിയും നടന്നിട്ടില്ല എന്നതാണ് സത്യം. എന്നെ അറസ്റ്റ് ചെയ്യാന്‍ ബിജെപി ആഗ്രഹിക്കുന്നു. എന്റെ ഏറ്റവും വലിയ സമ്പത്ത് എന്റെ സത്യസന്ധതയാണ്, അവര്‍ അത് തകര്‍ക്കാന്‍ ആഗ്രഹിക്കുന്നു,’ കെജ്രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
മാത്രമല്ല, തനിക്ക് അയച്ച സമന്‍സ് നിയമവിരുദ്ധമാണെന്നും തന്റെ അഭിഭാഷകര്‍ പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ ലക്ഷ്യം കേസ് അന്വേഷിക്കുകയല്ല, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്നെ അനുവദിക്കരുതെന്നതാണെന്നും അന്വേഷണത്തിന്റെ പേരില്‍ തന്നെ വിളിച്ച് അറസ്റ്റ് ചെയ്യാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.












