ഡല്‍ഹിയില്‍ എന്ത് വിലകൊടുത്തും തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപി ഓപ്പറേഷന്‍ താമരയുമായി ഇറങ്ങിയിരിക്കുന്നുവെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷമായ ആക്രമണം നടത്തി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയിലെ വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിച്ചെന്നാണ് കെജ്രിവാളിന്റെ ആരോപണം. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഡിസംബര്‍ 15 മുതല്‍ ബിജെപി ഓപ്പറേഷന്‍ താമര നടത്തി വരികയാണെന്നും കെജ്രിവാള്‍ ആരോപിച്ചു.

‘ബിജെപി ഡല്‍ഹിയിലെ പരാജയം ഇതിനകം അംഗീകരിച്ചു, അവര്‍ക്ക് മുഖ്യമന്ത്രി മുഖമോ കാഴ്ചപ്പാടോ വിശ്വാസയോഗ്യമായ സ്ഥാനാര്‍ത്ഥികളോ ഇല്ല. എന്ത് വിലകൊടുത്തും തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍, അവര്‍ വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കുന്നത് പോലുള്ള സത്യസന്ധമല്ലാത്ത തന്ത്രങ്ങളാണ് അവലംബിക്കുന്നത്.’ ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേജ്രിവാള്‍ അവകാശപ്പെട്ടു.

തന്റെ ന്യൂഡല്‍ഹി അസംബ്ലി മണ്ഡലത്തില്‍, ഡിസംബര്‍ 15 മുതല്‍ ഓപ്പറേഷന്‍ താമര സജീവമാണെന്നും കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ 5,000 വോട്ടര്‍മാരെ പട്ടികയില്‍ നിന്നും ഒഴിവാക്കാനും 7,500 വോട്ടര്‍മാരെ പുതുതായി ചേര്‍ക്കുന്നതിനുമുള്ള അപേക്ഷകളും ഫയല്‍ ചെയ്തിട്ടുണ്ടെന്നും 12 ശതമാനം വോട്ടുകളില്‍ കൃത്രിമം നടക്കുന്നുവെന്നും കെജ്രിവാള്‍ ആരോപിച്ചു.