
ന്യൂഡല്‍ഹി: ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്സേനയെ കണ്ട് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജി സമര്‍പ്പിച്ച് എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. സക്‌സേനയുടെ ഔദ്യോഗിക വസതിയായ രാജ്നിവാസിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. അതിഷി, ഗോപാല്‍ റായ് എന്നിവര്‍ ഉള്‍പ്പെടെയുള്ള ആം ആദ്മി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും ഒപ്പമുണ്ടായിരുന്നു. ഞായറാഴ്ച അരവിന്ദ് കെജ്രിവാള്‍ തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് രണ്ട് ദിവസത്തിനുള്ളില്‍ രാജിവെക്കുമെന്ന് അറിയിച്ചിരുന്നു. പിന്നാലെയാണ് ഇന്ന് രാജി സമര്‍പ്പിച്ചത്.
തന്റെ സത്യസന്ധത പൊതുജനങ്ങള്‍ അംഗീകരിക്കുന്നതുവരെ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കില്ലെന്നും ജയിലില്‍ നിന്ന് പുറത്തുവന്നതിന് ശേഷം ‘അഗ്‌നിശുദ്ധി’വരുത്താനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു കെജ്രിവാള്‍.
ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ഫയല്‍ ചെയ്ത അഴിമതി കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം നേടിയതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് തിഹാര്‍ ജയിലില്‍ നിന്ന് കെജ്രിവാള്‍ പുറത്തിറങ്ങിയത്. എഎപി മേധാവിയെ ഇഡി മാര്‍ച്ചിലും സിബിഐ ജൂണിലും അറസ്റ്റ് ചെയ്തിരുന്നു. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ജൂലൈയില്‍ സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചെങ്കിലും സിബിഐ കേസ് കാരണം ജയിലില്‍ തുടരുകയായിരുന്നു.
അതേസമയം, കെജ്രിവാളിന്റെ പിന്‍ഗാമിയായി പാര്‍ട്ടിയുടെ കല്‍ക്കാജി എംഎല്‍എയായ അതിഷി മുഖ്യമന്ത്രിയാകുമെന്ന് എഎപി പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി നിയമസഭയുടെ നിലവിലെ കാലാവധി 2025 ഫെബ്രുവരി 11-ന് അവസാനിക്കും. ഡല്‍ഹിയിലെ അവസാന നിയമസഭാ തിരഞ്ഞെടുപ്പ് 2020 ഫെബ്രുവരി 8നാണ് നടന്നത്.















