
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലഭിച്ച ഇടക്കാല ജാമ്യം അവസാനിക്കുന്നതിനാല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് തിഹാര്‍ ജയിലേക്ക് മടങ്ങും. കീഴടങ്ങുന്നതിന് മുമ്പ് രാജ്ഘട്ടിലെ മഹാത്മാഗാന്ധിയുടെ സ്മാരകവും കൊണാട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രവും സന്ദര്‍ശിക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞു.
‘ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ചാണ് ഞാന്‍ 21 ദിവസത്തേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറപ്പെട്ടത്. ബഹുമാനപ്പെട്ട സുപ്രീം കോടതിയോട് ഞാന്‍ വളരെ നന്ദിയുള്ളവനാണ്. ഇന്ന് ഞാന്‍ കീഴടങ്ങും തീഹാറിലേക്ക് പോകുന്ന ഞാന്‍ ആദ്യം രാജ്ഘട്ടില്‍ പോവുകയും അവിടെ നിന്ന് ഹനുമാന്‍ ജിയുടെ അനുഗ്രഹം വാങ്ങാന്‍ പോകുകയും ചെയ്യും. എല്ലാ പ്രവര്‍ത്തകരെയും പാര്‍ട്ടി നേതാക്കളെയും കാണുമെന്നും എക്സില്‍ ഹിന്ദിയിലുള്ള ഒരു പോസ്റ്റില്‍ അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിമാരും മുതിര്‍ന്ന ആംആദ്മി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തെ ജയില്‍ഗേറ്റ് വരെ അനുഗമിക്കും.
ഡല്‍ഹി മദ്യനയക്കേസിലെ മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യം ജൂണ്‍ ഒന്നിന് അവസാനിച്ചതിനാല്‍ കെജ്രിവാള്‍ ഉച്ചകഴിഞ്ഞ് 3 മണിയോടെ തിഹാര്‍ ജയിലിലേക്ക് മടങ്ങും. അതേസമയം, അനാരോഗ്യം ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം തേടിയുള്ള കെജ്രിവാളിന്റെ ഹര്‍ജിയിന്മേലുള്ള ഉത്തരവ് ഡല്‍ഹി കോടതി ജൂണ്‍ 5ലേക്ക് മാറ്റി.











