അറസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ച് കെജ്രിവാള്‍, കീഴ്ക്കോടതിയിലേക്ക് പോകും

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ടുണ്ടായ അറസ്റ്റിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു.

ഹര്‍ജി പിന്‍വലിച്ച സ്ഥിതിക്ക് ഇനി വിചാരണ കോടതിയെ സമീപിക്കുമെന്നാണ് കെജ്രിവാളിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. ഇതേ കേസില്‍ കഴിഞ്ഞ ആഴ്ച അറസ്റ്റിലായ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയുടെ ഹര്‍ജി സുപ്രീം കോടതി തള്ളിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്ഥിതി മനസിലാക്കിയ കെജ്രിവാളിന്റെ നിര്‍ണ്ണായക നീക്കം. കാരണം, കവിതയുടെ കേസ് പരിഗണിച്ച അതേ ബെഞ്ചിനെയാണ് അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കേള്‍ക്കാനും നിയോഗിച്ചിരിക്കുന്നത്. ഹര്‍ജി തള്ളി കീഴ്‌ക്കോടതിയില്‍ പോകാന്‍ കോടതി നിര്‍ദേശിക്കുമെന്ന കണക്കുകൂട്ടലാണ് നീക്കത്തിനു പിന്നില്‍.

ഡല്‍ഹിയിലെ അബ്ദുള്‍ കലാം റോഡിലെ ഇഡി ഓഫീസില്‍ രാത്രി ചെലവഴിച്ച ഡല്‍ഹി മുഖ്യമന്ത്രിയെ ഇ.ഡി കോടതിയില്‍ ഹാജരാക്കാനിരിക്കേയാണ് ഹര്‍ജി പിന്‍വലിച്ചത്. ഹര്‍ജി പിന്‍വലിക്കുന്നതായി കെജ്രിവാളിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിംഘ്വിയാണ് കോടതിയെ അറിയിച്ചത്.

More Stories from this section

family-dental
witywide