അഴിക്കുള്ളിലിരുന്ന് ഭരിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി, നിയമ തടസ്സങ്ങളുണ്ടെന്ന് വിദഗ്ദ്ധരും

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലായെങ്കിലും ഡല്‍ഹി മുഖ്യമന്ത്രിയായി തുടരുമെന്നാണ് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കിയത്. ഇത് ബിജെപിയെ കൂടുതല്‍ ചൊടിപ്പിച്ചിരിക്കുകയാണ്. അറസ്റ്റിലായാല്‍ പദവി ഒഴിയുമെന്ന് പ്രതീക്ഷിച്ചതിനു വിപരീതമായി പാര്‍ട്ടി വ്യക്തമാക്കിയതോടെ അരവിന്ദ് കെജ്രിവാളിന്റെ രാജിക്കായി മുറവിളി കൂട്ടി ബിജെപിയും കളത്തിലിറങ്ങി.

അതേസമയം, അഴിക്കുള്ളിലിരുന്ന് സംസ്ഥാനം ഭരിക്കുന്നതില്‍ നിന്ന് എഎപി നേതാവായ കെജ്രിവാളിനെ ഒരു നിയമവും തടയില്ലെങ്കിലും, പ്രായോഗികമായി വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണിത്. മുഖ്യമന്ത്രിയാണെങ്കിലും ജയിലില്‍ കെജ്രിവാള്‍ തടവുകാരനാണ്. ജയില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ചെയ്യാന്‍ പ്രയാസപ്പെടുത്തും. ജയില്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചേ കെജ്രിവാളിന് മുന്നോട്ടുപോകാനാകൂ.

ഒരു തടവുകാരന് ആഴ്ചയില്‍ രണ്ട് പ്രാവശ്യമേ ആളുകളെ കാണാനാകൂ. ഇത് മുഖ്യമന്ത്രി എന്ന നിലയില്‍ കെജ്രിവാളിന് തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നത് ബുദ്ധിമുട്ടിലാക്കും. ജയിലില്‍ നിന്ന് ഒരു സര്‍ക്കാരിനെ നയിക്കുക എന്നത് അത്ര എളുപ്പമല്ല. ആഴ്ചയില്‍ രണ്ടുതവണ മാത്രമേ നിങ്ങളുടെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ കൂട്ടാളികളേയോ കാണാനാകൂ എന്ന് ജയില്‍ മാനുവലില്‍ പറയുന്നതിനാല്‍ നിയന്ത്രണങ്ങളോടെ ഭരിക്കുന്നത് അദ്ദേഹത്തിന് എളുപ്പമാകില്ല.

എന്നാല്‍, കെജ്രിവാളിന് മുഖ്യമന്ത്രിയായി തുടരാന്‍ ഒരു വഴിയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഏത് കെട്ടിടവും ജയിലാക്കി മാറ്റാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അധികാരമുണ്ട്, അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയാല്‍ ഡല്‍ഹി സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനത്തിന്റെ ഭാഗമാകാനും ഭരണം നടത്താനും അത് അദ്ദേഹത്തെ സഹായിക്കുമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മദ്യനയ കേസില്‍ ഒമ്പതാം തവണയും ചോദ്യം ചെയ്യലിനായി നല്‍കിയ സമന്‍സ് ഒഴിവാക്കുകയും അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കെജ്രിവാളിനെ ഇന്നലെ ഇഡി സംഘം അറസ്റ്റ് ചെയ്തത്.

എന്നാല്‍ കെജ്രിവാള്‍ രാജിവെക്കാത്തതിന്റെ അനന്തരഫലങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിച്ചു വരികയാണെന്നാണ് സൂചന. പൊതുപ്രവര്‍ത്തകനായതിനാല്‍ കേന്ദ്രത്തിന് സസ്പെന്‍ഡ് ചെയ്യുകയോ സ്ഥാനത്ത് നിന്ന് നീക്കുകയോ ചെയ്യേണ്ടി വന്നേക്കുമെന്നും നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നു.

More Stories from this section

family-dental
witywide