
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സിറ്റി റൂസ് അവന്യൂ കോടതി അനുവദിച്ച ജാമ്യത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)ഇന്ന് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചേക്കും.
മാര്‍ച്ച് മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കെജ്രിവാളിന് 1,00,000 രൂപയുടെ ബോണ്ടിലാണ് വ്യാഴാഴ്ച അവധിക്കാല ജഡ്ജി ന്യായ് ബിന്ദു ജാമ്യം അനുവദിച്ചത്.
ജാമ്യാപേക്ഷ സമര്‍പ്പിക്കാനുള്ള നടപടികള്‍ 48 മണിക്കൂറത്തേക്ക് മാറ്റിവയ്ക്കണമെന്ന ഇഡിയുടെ അപേക്ഷ തള്ളിയാണ് ജാമ്യം നല്‍കിയത്. വിധിക്കെതിരെ ഇഡി വെള്ളിയാഴ്ച രാവിലെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്.
ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21 നാണ് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. എന്നാല്‍, ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മെയ് 10ന് സുപ്രീം കോടതി കെജ്രിവാളിന് 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ശേഷം ജൂണ്‍ രണ്ടിനാണ് അദ്ദേഹം തിരികെ തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങിയത്.