
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ ജൂണ്‍ 19 ന് പരിഗണിക്കും. ഡല്‍ഹി കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. എക്സൈസ് വകുപ്പ് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി മുകേഷ് കുമാര്‍ കേസ് മാറ്റിവെച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം തേടിയുള്ള കെജ്രിവാളിന്റെ അപേക്ഷ ജൂണ്‍ അഞ്ചിന് ഡല്‍ഹി കോടതി തള്ളിയിരുന്നു. ജൂണ്‍ 19 വരെയാണ് അദ്ദേഹത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയിരിക്കുന്നത്.
അതേസമയം, മുഖ്യമന്ത്രിയുടെ ആരോഗ്യനിലയും തുടര്‍ചികിത്സയും നിര്‍ണ്ണയിക്കാന്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ ചേരാന്‍ ഭാര്യ സുനിത കെജ്രിവാളിനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെജ്രിവാള്‍ സമര്‍പ്പിച്ച അപേക്ഷ ശനിയാഴ്ച പരിഗണിക്കാന്‍ ജഡ്ജി നിശ്ചയിച്ചു. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ ജയില്‍ അധികൃതരോട് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ നടപടിക്രമങ്ങള്‍ക്കിടെ, ജൂണ്‍ 25 വരെ കേസ് മാറ്റിവയ്ക്കാന്‍ ഇഡി കോടതിയോട് ആവശ്യപ്പെട്ടെങ്കിലും, കോടതി അത് നിരസിക്കുകയായിരുന്നു. കെജ്രിവാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും, ഇ.ഡി കസ്റ്റഡിയിലല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇഡിയുടെ ആവശ്യം കോടതി നിരസിച്ചത്.









