‘സൗജന്യ മരുന്നുകള്‍ക്ക് ക്ഷാമം ഉണ്ടാകരുത്’ മന്ത്രി സഭയ്ക്ക് കെജ്രിവാളിന്റെ ഉത്തരവ് വീണ്ടും എത്തി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ ഇഡി കസ്റ്റഡിയില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രണ്ടാമത്തെ നിര്‍ദേശവും ഇന്നെത്തി. ഡല്‍ഹിയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വീണ്ടും ഭരണചക്രംതിരിച്ചാണ് ഇഡിയെ വീണ്ടും കെജ്രിവാള്‍ ഞെട്ടിച്ചിരിക്കുന്നത്. ഇക്കുറി ആരോഗ്യവകുപ്പിനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം എത്തിയിരിക്കുന്നത്.

എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മൊഹല്ല ക്ലിനിക്കുകളിലും ജനങ്ങള്‍ക്ക് മരുന്നുകളും പരിശോധനകളും ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ ഇഡി കസ്റ്റഡിയില്‍ നിന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് ചൊവ്വാഴ്ച പറഞ്ഞു.

മൊഹല്ല ക്ലിനിക്കുകളില്‍ ലഭ്യമായ ലബോറട്ടറി പരിശോധനകളിലെ പ്രശ്നങ്ങളെക്കുറിച്ച് കെജ്രിവാളിന് വിവരം ലഭിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തുവെന്നാണ് അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്. മാത്രമല്ല, പ്രശ്ന പരിഹാരത്തിനായി ആരോഗ്യവകുപ്പിന്റെ ഇടപെടല്‍ ഉടന്‍ ഉണ്ടാകുമെന്നും ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ജയിലിലിരുന്ന് കഴിഞ്ഞദിവസവും കെജ്രിവാള്‍ മന്ത്രിസഭയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ജല വകുപ്പ് മന്ത്രി അതിഷി മര്‍ലേനയ്ക്ക് കെജ്രിവാള്‍ നല്‍കിയ നിര്‍ദേശത്തില്‍ ജല വിതരണ പ്രതിസന്ധി, മാലിന്യ സംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇത് സാധ്യമല്ലെന്ന് വാദിച്ച ഇഡി, കസ്റ്റഡിയില്‍ ഇരുന്ന് കെജ്രിവാള്‍ എങ്ങനെ സര്‍ക്കാരിന് നിര്‍ദേശം നല്‍കി എന്നത് സംബന്ധിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് പുതിയ ഉത്തരവും എത്തിയതായി ആപ്പ് നേതാക്കള്‍ അവകാശപ്പെടുന്നത്.

അതേസമയം, കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ആംആദ്മി പ്രതിഷേധം തുടരുകയാണ്. ഡല്‍ഹിയിലെ വിവിധ മേഖലകളില്‍ പ്രതിഷേധം സംഘടിപ്പിച്ച ആംആദ്മി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കുന്നതുള്‍പ്പടെയുള്ള നീക്കങ്ങള്‍ ആംആദ്മി ആസുത്രണം ചെയ്തിരുന്നു.

ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പോലീസ് നേരത്തെ അറിയിച്ചിരുന്നു. പ്രതിഷേധങ്ങളെ നേരിടാന്‍ കടുത്ത നിയന്ത്രണങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയത്. ഗതാഗതം വഴിതിരിച്ചുവിട്ടും മെട്രോ സ്റ്റേഷനുകള്‍ അടച്ചുമാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്. റോഡുകളിലെ വാഹന പാര്‍ക്കിങ്ങിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

Kejriwal’s order reached the cabinet again from the ED custody

More Stories from this section

family-dental
witywide