
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79ാം പിറന്നാള്‍. പതിവ് പോലെ ആഘോഷങ്ങളിലാതെയാണ് മുഖ്യമന്ത്രിയുടെ ഈ പിറന്നാള്‍ ദിനവും കടന്നുപോകുക. സംസ്ഥാന മന്ത്രി സഭാ യോഗം ഇന്ന് ചേരും. അതിന്റെ തിരക്കിലാകും മുഖ്യമന്ത്രി.
ഔദ്യോഗിക രേഖകളില്‍ 1945 മാര്‍ച്ച് 21നാണ് പിണറായി വിജയന്റെ ജന്മദിനമെങ്കിലും യഥാര്‍ത്ഥ ജന്മദിനം 1945 മെയ് 24 ആണെന്ന് പിണറായി വിജയന്‍ തന്നെയാണ് പറഞ്ഞിട്ടുള്ളത്. തുടര്‍ച്ചയായി 2 പ്രാവശ്യം മുഖ്യമന്ത്രിയായ പിണറായി വിജയന്‍ ആദ്യ മുഖ്യമന്ത്രി പദത്തിലെത്തുന്നതിന്റെ തലേന്നായിരുന്നു ജന്മദിനം മെയ് 24 നാണെന്ന് അറിയിച്ചത്. 2016 മുതലിങ്ങോട്ട് ഈ ദിവസമാണ് സഖാവിന് പ്രിയപ്പെട്ടവര്‍ ആശംകള്‍ അറിയിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് മൂന്നുവര്‍ഷം പിന്നിടുകയാണ്. അതേസമയം, രണ്ടു ടേമിലുമായി പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് നാളെ 8 വര്‍ഷം പൂര്‍ത്തിയാകുകയാണ്. 1970-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 26-മത്തെ വയസ്സിലാണ് കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നും പിണറായി നിയമസഭയിലെത്തിയത്.
കുടുംബം ഉള്‍പ്പെട്ട വിദേശയാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നും താഴ്ന്നും നില്‍ക്കുന്നതിനിടെയാണ് 79 ാം ജന്മദിനം കടന്നുപോകുന്നത്. കുടുംബവുമൊത്ത് വിദേശ യാത്ര നടത്തിയത് അനുചിത സമയത്താണെന്നും ചിലവ് ആര് വഹിച്ചുവെന്നുമുള്ള ചോദ്യവും, സ്വന്തം ചിലവിലാണ് യാത്രയെന്ന വിവരാവകാശ മറുപടിയുമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായത്. പതിവുപോലെ വിവാദങ്ങളെ അതിന്റെ വഴിക്ക് വിട്ട് നിലപാടില്‍ ഉറച്ചാണ് പിണറായി നടന്നുനീങ്ങുന്നത്.