‘കേരളം മിനി പാകിസ്ഥാൻ’, മഹാരാഷ്ട്ര മന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിൽ പ്രതിഷേധം കത്തുന്നു, പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ്‌

തിരുവനന്തപുരം: കേരളത്തിനെതിരെ കടുത്ത വിദ്വേഷ പ്രസംഗം നടത്തിയ മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെക്കെതിരെ പ്രതിഷേധം അലയടിക്കുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ നിന്നും പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടത് മിനി പാകിസ്ഥാൻ ആയതുകൊണ്ടാണെന്നും കേരളത്തിലെ ഭീകരർ വോട്ട് ചെയ്താണ് ഇരുവരെയും ജയിപ്പിച്ചതെന്നുമുള്ള പരാമർശത്തിനെതിരെ കോൺഗ്രസ് നേതാക്കൾ കടുത്ത വിമർശനവുമായി രംഗത്തെത്തി. റാണെയുടെ കേരളവിരുദ്ധ പരാമര്‍ശത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടത്.

കെ സി വേണുഗോപാൽ പറഞ്ഞത്.

മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെയുടെ തീവ്രവാദ പ്രസ്താവന കേരളത്തിന്റെ മതേതര മനസ്സിനെ വ്രണപ്പെടുത്തി. സ്വന്തം രാജ്യത്തെ ജനതയെ മതം നോക്കി ശത്രുക്കളായി പ്രഖ്യാപിക്കുന്ന നിതേഷ് റാണെയുടെ പ്രസ്താവനയ്ക്ക് പ്രധാനമന്ത്രി മറുപടി പറയണം. സംഘപരിവാര്‍ രാഷ്ട്രീയം ഭാരതത്തിന്റെ അസ്തിത്വത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണ്. കേരളത്തിലെ ന്യൂനപക്ഷങ്ങളെ തീവ്രവാദികളായി ചിത്രീകരിച്ച് കേരളത്തെ മിനി പാകിസ്ഥാനായി ഉപമിച്ച നിതേഷ് റാണെ കേരളത്തിന്റെ മതേതര മനസ്സിനെയാണ് വ്രണപ്പെടുത്തിയത്. റാണെയുടെ നിലപാടാണോ പ്രധാനമന്ത്രിക്കും കേരളത്തിന്റെ മുഖ്യമന്ത്രിക്കും ഉള്ളതെന്നറിയണം. വര്‍ഗ്ഗീയത ശ്വസിച്ച് വിദ്വേഷം തുപ്പുന്ന ബിജെപിക്ക് കേരള ജനതയെ അധിക്ഷേപിക്കാന്‍ ഇപ്പോള്‍ പ്രചോദനമായത് സിപിഎമ്മിന്റെ നിലപാടാണെന്നും കെ.സി.വേണുഗോപാല്‍ കുറ്റപ്പെടുത്തി. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനയിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മഹാരാഷ്ട്രാ മന്ത്രിയെ അയോഗ്യനാക്കണം. വയനാട്ടിലെ ജനങ്ങളെ ഭീകരവാദികളായി മുദ്രകുത്തിക്കൊണ്ടുള്ള പ്രസ്താവനയെ നിയമപരമായും രാഷ്ട്രീയമായും നേരിടും. കേരളത്തെ നരേന്ദ്ര മോദി സോമാലിയയോടും അമിത്ഷാ പാകിസ്താനോടും ഉപമിച്ചതിന്റെ ആവര്‍ത്തനമാണ് റാണെയുടെ പരാമര്‍ശം.രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വയനാട് വിജയത്തില്‍ വര്‍ഗീയത കണ്ടെത്തിയ പി.ബി അംഗം വിജയരാഘവന്റെ പ്രസ്താവനയുടെ തുടര്‍ച്ച മാത്രമാണ് ബിജെപി ഇപ്പോള്‍ നടത്തുന്നത്. റാണെയുടെയും വിജയരാഘവന്റെയും ശബ്ദം ഒന്നുതന്നെയാണ്.സംഘപരിവാര്‍ കേരളത്തില്‍ പറയാന്‍ മടിച്ച ന്യൂനപക്ഷ വിരുദ്ധത മുഖ്യമന്ത്രിയും സിപിഎമ്മും പച്ചയ്ക്ക് വിളിച്ച് പറയുകയാണ്. കേരളത്തിനെതിരെ ബിജെപി നടത്തുന്ന നുണ പ്രചരണങ്ങള്‍ക്ക് നിറം കലര്‍ത്തി മോടി കൂട്ടാനാണ് മലപ്പുറം പരാമര്‍ശത്തിലൂടെ മുഖ്യമന്ത്രിയും വയനാട്ടിലെ യുഡിഎഫിന്റെ വിജയത്തില്‍ വര്‍ഗീയത ചികഞ്ഞ വിജയരാഘവനും ശ്രമിച്ചത്. റാണെയുടെയും സംഘപരിവാറിന്റെയും പരിച്ഛേദമായി മുഖ്യമന്ത്രിയും എ.വിജയരാഘവനും മാറി. കേരളാ ജനതയെ ഒറ്റുകൊടുക്കുന്ന സി.പി.എമ്മും അതിന് കൂട്ടുനില്‍ക്കുന്ന സംഘപരിവാറും എത്ര കിണഞ്ഞുനോക്കിയാലും കേരളത്തെ മലീമസമാക്കാനാകില്ലെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. കേരളത്തെ മിനി പാക്കിസ്ഥാനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബി.ജെ.പി മന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടത്. രമേശ് ചെന്നിത്തല, കെ സുധാകരൻ തുടങ്ങിയവരും രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

പ്രതിപക്ഷ നേതാവ് പറഞ്ഞത്

കേരളത്തെ മിനി പാക്കിസ്ഥാനെന്നു വിളിച്ച് ആക്ഷേപിക്കുകയും രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അപമാനിക്കുകയും ചെയ്ത മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവ് നിതീഷ് റാണെ മന്ത്രി സ്ഥാനം രാജിവയ്ക്കണം. കേരളം പാകിസ്ഥാനായതു കൊണ്ടാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടതെന്നും വേട്ടു ചെയ്തത് ഭീകരര്‍ മാത്രമാണെന്നുമുള്ള പരാമര്‍ശം അങ്ങേയറ്റം നിന്ദ്യവും കേരള ജനതയെ അപമാനിക്കലുമാണ്.സംഘ്പരിവാര്‍ നേതൃത്വത്തെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി കേരളത്തിലെ സി.പി.എം തുടങ്ങി വച്ച വര്‍ഗീയ പരമാര്‍ശമാണ് ഇപ്പോള്‍ ബി.ജെ.പി ദേശീയ തലത്തിലും ഏറ്റെടുത്തിരിക്കുന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് എതിരെ ബി.ജെ.പി ആയുധം നല്‍കുന്നതായിരുന്നു സി.പി.എം നേതാവ് എ വിജയരാഘവന്‍ പ്രിയങ്കാഗാന്ധിയുടെ വയനാട്ടിലെ വിജയം സംബന്ധിച്ച് നടത്തിയ പ്രസ്താവന. വിജയരാഘവനെ തിരുത്തുന്നതിനു പകരം സി.പി.എം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ അതിനെ പ്രോത്സാഹിപ്പിച്ചത് എന്തിനു വേണ്ടിയായിരുന്നെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പുറമെ കേരളത്തെ മിനി പാകിസ്ഥാനെന്ന് ബി.ജെ.പി നേതാവ് ആക്ഷേപിച്ചതില്‍ നിലപാട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയും സി.പി.എമ്മും ഇനിയെങ്കിലും തയാറാകണം. അതിന് തയാറായില്ലെങ്കില്‍ ബി.ജെ.പിയും സി.പി.എമ്മും രണ്ടല്ല, ഒന്നാണെന്നു ജനങ്ങള്‍ക്ക് മുന്നില്‍ നിങ്ങള്‍ തുറന്നു സമ്മതിക്കണം. മഹാരാഷ്ട്രയിലെ മന്ത്രി കേരളത്തെ ആക്ഷേപിച്ചതില്‍ സംസ്ഥാന ബി.ജെ.പി നേതൃത്വവും നിലപാട് വ്യക്തമാക്കണം.

കെ സുധാകരൻ പറഞ്ഞത്

കേരളത്തിന്റെ മതേതര പാരമ്പര്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപിയും സിപിഎമ്മും സംഘടിത നീക്കമാണ് നടത്തുന്നതെന്നും അതിന് തെളിവാണ് സിപിഎം പി.ബി അംഗം എ.വിജയരാഘവന്റെ പ്രസ്താവന ഏറ്റുപിടിച്ച് ബിജെപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നിതേഷ് റാണെ നടത്തിയ വിദ്വേഷ പ്രസംഗമെന്ന് കെ.സുധാകരന്‍ എംപി.രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും വോട്ട് ചെയ്തത് കേരളത്തിലെ തീവ്രവാദികളാണെന്നും കേരളം മിനി പാകിസ്ഥാനാണെന്നും നിതേഷ് റാണെയ്ക്ക് പ്രംസഗിക്കാന്‍ അവസരം ഉണ്ടാക്കിയത് സിപിഎമ്മാണ്.റാണയുടെ പ്രസ്താവന പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്.കേരളത്തെയും നമ്മുടെ മതേതര ബോധ്യത്തെയുമാണ് നിതേഷ് റാണെ അപമാനിച്ചത്. വിദ്വേഷ പ്രസംഗം നടത്തിയ നിതേഷ് റാണെയെ തള്ളിപ്പറയാനും കേസെടുക്കാന്‍ ആവശ്യപ്പെടാനും കേരളത്തിലെ ബിജെപി നേതാക്കള്‍ തയ്യാറാകുമോയെന്നും കെ.സുധാകരന്‍ ചോദിച്ചു. വര്‍ഗീയ പ്രചരണം ബിജെപിക്ക് പുതുമയല്ല. എന്നാലിപ്പോള്‍ എ.വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശത്തെ തള്ളിപ്പറയാത്ത സിപിഎം നിലപാടാണ് റാണെയ്ക്ക് കേരളത്തെ അധിക്ഷേപിക്കാന്‍ പ്രചോദനമായത്.വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ വ്യത്യാസമില്ല. വെറുപ്പിന്റെ രാഷ്ട്രീയമാണ് ഇരുവര്‍ക്കും.അതിനാലാണ് എ.വിജയരാഘവന്റെ പ്രസ്താവനയെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കയ്യടിച്ച് പ്രോത്സാഹിപ്പിച്ചത്.ബിജെപിയും സിപിഎമ്മും കേരളത്തിന്റെ സൗഹൃദ അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമിക്കുന്നത്.ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിച്ച് കേരളത്തില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ സിപിഎം കുറച്ചു നാളുകളായി പരിശ്രമിക്കുകയാണ്.കേരളത്തില്‍ സംഘപരിവാറിന് മണ്ണൊരുക്കുന്ന പണി സിപിഎം നിര്‍ത്തണം.മതവര്‍ഗീതയുടെ വിത്ത് പാകാനുള്ള ബിജെപിയുടെയും സംഘപരിവാര്‍ ശക്തികളുടെയും നീക്കം കേരളത്തിന്റെ മതേതര ഭൂമികയില്‍ മുളക്കില്ല.മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ബിജെപിയുടെയും സിപിഎമ്മിന്റെയും ശ്രമത്തെ കേരളത്തിന്റെ മതേതരബോധം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

ചെന്നിത്തല പറഞ്ഞത്

കേരളത്തെ മിനി പാകിസ്ഥാന്‍ എന്നുവിളിച്ചാക്ഷേപിച്ച മഹാരാഷ്ട്ര ബിജെപി മന്ത്രി നിതേഷ് റാണെയുടെ നടപടി ശുദ്ധ അസംബന്ധമാണെന്നും ഇയാളെ ഉടന്‍ തന്നെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മഹാരാഷ്ട്രാ പാര്‍ട്ടി ഇന്‍ചാര്‍ജുമായ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളീയരെല്ലാം തീവ്രവാദികളും ദേശവിരുദ്ധരുമാണെന്നാണ് നിതേഷ് റാണെ ആക്ഷേപിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ദേശവിരുദ്ധരുടെ വോട്ട് വാങ്ങി ജയിച്ചുവെന്നാണ് പറഞ്ഞത്. ഇത്തരം അസംബന്ധപരവും അപലപനീയവുമായ വാക്കുകള്‍ മുന്‍കാലങ്ങളിലും യഥേഷ്ടം ഉപയോഗിച്ചിട്ടുള്ളയാളാണ് നിതേഷ് റാണെ. മന്ത്രിസഭയിലെ ഉത്തരവാദത്തപ്പെട്ട ഒരംഗം ഇത്തരത്തില്‍ യാതൊരു നെറിയുമില്ലാതെ ഒരു സംസ്ഥാനത്തെ തന്ന ആക്ഷേപിക്കുന്ന തരത്തില്‍ വാക്കുകള്‍ പ്രയോഗിക്കരുത്. ലക്ഷക്കണക്കിന് മലയാളികളുടെ കര്‍മ്മമണ്ഡലം കൂടിയാണ് മുംബൈയും മഹാരാഷ്ട്രയും. മഹാരാഷ്ട്രയുടെയും മുംബൈയുടെയും സര്‍വതോന്മുഖമായ പുരോഗതിക്ക് ഈ മലയാളികളും അവകാശികളാണ്. കേരളമാകട്ടെ, വിദ്യാഭ്യാസ നിലവാരം കൊണ്ടും ഉയര്‍ന്ന ചിന്ത കൊണ്ടും മറ്റനേകം സോഷ്യല്‍ ഇന്‍ഡിക്കേറ്ററുകളിലെ തിളക്കം കൊണ്ടും ഇന്ത്യയ്ക്കു തന്നെ മാതൃകയായ സംസ്ഥാനമാണ്. അത്തരമൊരു സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളെയും വെറും രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഇത്തരത്തില്‍ അടച്ചാക്ഷേപിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. മലയാളികളെ തീവ്രവാദികളെന്നും കേരളത്തെ മിനി പാകിസ്ഥാന്‍ എന്നും വിളിച്ച നിതേഷ് റാണെയെ ഉടന്‍ തന്നെ മന്ത്രിപദവിയില്‍ നിന്നു പുറത്താക്കണം – രമേശ് ചെന്നിത്തല ആവശ്യ്‌പ്പെട്ടു. നിതേഷ് റാണെയ്ക്കു ഇത്തരത്തില്‍ മലയാളികളെ ആക്ഷേപിക്കാന്‍ കരുത്തു നല്‍കിയത് സിപിഎം നേതാവ് വിജയരാഘവനാണ്. കേരളത്തെ ആകെ മൊത്തം ആക്ഷേപിച്ച് ഇത്തരത്തില്‍ ആദ്യപരാമര്‍ശം നടത്തിയ സിപിഎമ്മിന്റെ വാക്കുകള്‍ വല്യേട്ടനായ ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തെയും മലയാളികളെയും ആക്ഷേപിക്കാനും വര്‍ഗീയമായി വിഭജിക്കാനും സിപിഎമ്മും ബിജെപിയും കൈകോര്‍ത്തിരിക്കുന്നു. കേരളത്തെ വര്‍ഗീയ വിഷപ്പറമ്പാക്കി മാറ്റിയാല്‍ മാത്രമേ ഇരുപാര്‍ട്ടികള്‍ക്കും നിലനില്‍പുള്ളു എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. വിജയരാഘവന്റെ വാക്കുകള്‍ ആവര്‍ത്തിച്ച മഹാരാഷ്ട്ര മന്ത്രിയെക്കുറിച്ചുള്ള അഭിപ്രായം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം.

Also Read

More Stories from this section

family-dental
witywide