
തിരുവനന്തപുരം: കഴിഞ്ഞ നാല്പത് നാള്‍ നീണ്ട ആവേശങ്ങള്‍ക്കും വാക്‌പോരുകള്‍ക്കും വിവാദങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമെല്ലാം അപ്പുറം ഇന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങും. ശേഷിക്കുന്ന നാളെ ഒരു ദിവസം നിശബ്ദ പ്രചാരണം നടക്കും. ലോക്‌സഭയിലേക്ക് ആരെയൊക്കെ അയയ്ക്കണം എന്ന് തീരുമാനിക്കാന്‍ വെള്ളിയാഴ്ച കേരളം പോളിംഗ് ബൂത്തിലേക്ക്.
ദേശീയ തലത്തില്‍ പ്രധാനമന്ത്രിയുടെ മുസ്ലീം വിരുദ്ധ വിവാദ പരാമര്‍ശമാണ് ഇപ്പോള്‍ ചൂടുപിടിച്ചിരിക്കുന്ന വിവാദം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സ്വത്തുമുഴുവന്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് കൊടുക്കുമെന്നും സ്ത്രീകളുടെ താലിമാല പോലും അവര്‍ കവര്‍ന്നെടുക്കുമെന്നുമടക്കമാണ് മോദിയുടെ വിഷംപുരട്ടിയ വാക്കുകള്‍ എത്തിയത്. കേരളത്തിലാകട്ടെ പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി ശൈലജ ടീച്ചറുടെ ‘വിവാദ വീഡിയോ’യില്‍ ഉടക്കി നിന്നു പലപ്പോഴും പ്രചാരണം. രാഹുലിനെ കടന്നാക്രമിച്ച് ബിജെപിയും സിപിഎമ്മും വിമര്‍ശന ശരങ്ങളുമായി എത്തിയപ്പോള്‍ പിണറായി വിജയനെ കടന്നാക്രമിച്ച് രാഹുലാണ് തുടക്കമിട്ടത്.
കലാശക്കൊട്ട് കെങ്കേമമാക്കാന്‍ റോഡ് ഷോയും വാഹന റാലിയും പിന്നെ വോട്ട് കിട്ടാനുള്ള അവസാനവട്ട അടവുമൊക്കെയായി ഇന്നത്തെ കലാശക്കൊട്ട് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും അണികളും കൊഴുപ്പിക്കും. ഇന്നുച്ചയ്ക്കു ശേഷം കലാശക്കൊട്ടിലേക്ക് കടക്കുന്നതുകാരണം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഗതാഗത തടസം അടക്കം രൂപപ്പെടും.
വൈകുന്നേരം ആറോടെ ശബ്ദകോലാഹലങ്ങള്‍ അവസാനിപ്പിച്ച് നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് നീങ്ങും. വെള്ളിയാഴ്ച രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെ പോളിംഗ് ബൂത്തിലേക്കു ജനം എത്തും.
ഏഴ് ഘട്ടങ്ങളില്‍ രണ്ടാം ഘട്ടമായിട്ടാണ് കേരളത്തിലുള്‍പ്പെടെ വോട്ടെടുപ്പ് നടക്കുന്നത്. 2.77 കോടി മലയാളികള്‍ വിധിയെഴുതും.
കേരളത്തിലെ 20 മണ്ഡലങ്ങളുള്‍പ്പെടെ മറ്റ് 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 89 മണ്ഡലങ്ങളില്‍ മറ്റന്നാളാണ് വോട്ടെടുപ്പ്. അസമിലെയും ബിഹാറിലെയും അഞ്ച് വീതവും ഛത്തീസ്ഗഡിലെ മൂന്നും കര്‍ണാടകയിലെ 14 ഉം കേരളത്തിലെ 20 ഉം മധ്യപ്രദേശിലെ ഏഴും മഹാരാഷ്ട്രയിലെയും ഉത്തര്‍പ്രദേശിലെയും എട്ട് വീതവും രാജസ്ഥാനിലെ 13 ഉം പശ്ചിമ ബംഗാളിലെ മൂന്നും മണ്ഡലങ്ങളാണ് രണ്ടാംഘട്ട വോട്ടിംഗില്‍ ജനവിധിയെഴുതുക. വോട്ടെടുപ്പിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജീവ് കൗള്‍ അറിയിച്ചു.

എന്‍ഡിഎയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ ബുധനാഴ്ച രാവിലെ കേരളത്തിലെത്തും. ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടിലെ ഹെലിപാഡില്‍ രാവിലെ 8.45ന് അദ്ദേഹം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ഷാ റോഡ് മാര്‍ഗം പുന്നപ്ര കാര്‍മല്‍ ഗ്രൗണ്ടിലേക്ക് പോകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ദേശീയ-സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പൊതുയോഗത്തെ 9 മണിക്ക് അമിത് ഷാ അഭിസംബോധന ചെയ്യും.
നിരവധി പ്രശസ്തര്‍ ജനവിധി തേടുന്ന വോട്ടെടുപ്പിനാണ് രണ്ടാം ഘട്ടം സാക്ഷിയാകുന്നത്. അതില്‍ രാഹുല്‍ ഗാന്ധിയും ശശി തരൂരും കെ.സി വേണുഗോപാലും ആനിരാജയും ഹേമമാലിനിയും രാമായണ നടന്‍ അരുണ്‍ ഗോവിലും പപ്പു യാദവും മന്‍സൂര്‍ അലിഖാനും അടക്കമുള്ളവരുണ്ട്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. ഈ മണ്ഡലത്തില്‍ എതിരാളികള്‍ സിപിഐയില്‍ നിന്നുള്ള ആനി രാജയും കേരളത്തിലെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനുമാണ്.
തിരുവനന്തപുരത്ത് നിലവിലെ എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ 2009 മുതല്‍ കൈവശം വച്ചിരുന്ന സീറ്റില്‍ കേന്ദ്ര സഹമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറുമായി മത്സരിക്കും. തരൂരിന് ഭരണത്തിന് മുമ്പ് സിപിഎമ്മും കോണ്‍ഗ്രസും മാറിമാറി വന്ന മണ്ഡലമാണിത്. തുടര്‍ച്ചയായി മൂന്ന് തവണയാണ് തരൂര്‍ വിജയം ഉറപ്പിച്ചത്.
ഉത്തര്‍പ്രദേശിലെ മഥുരയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മൂന്നാം വിജയമാണ് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഹേമമാലിനി ലക്ഷ്യമിടുന്നത്, മീററ്റില്‍ രാമായണ നടന്‍ അരുണ്‍ ഗോവിലിലാണ് ബി.ജെ.പി പ്രതീക്ഷയര്‍പ്പിച്ചത്.

ബീഹാറിലെ പൂര്‍ണിയ ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് മുന്‍ പാര്‍ലമെന്റ് അംഗമായ പപ്പു യാദവ് (രാജേഷ് രഞ്ജന്‍) മത്സരിക്കുന്നത്.
ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, മുമ്പ് മൂന്ന് തവണ മുഖ്യമന്ത്രിയും നിലവിലെ നിയമസഭാ സ്പീക്കറുമായ രമണ്‍ സിംഗ് കൈവശപ്പെടുത്തിയ രാജ്‌നന്ദ്ഗാവില്‍ നിന്ന് മത്സരിക്കും. 2004-ല്‍ ദുര്‍ഗില്‍ നിന്നും 2009-ല്‍ റായ്പൂരില്‍ നിന്നും മത്സരിച്ച് രണ്ട് തവണയും പരാജയം ഏറ്റുവാങ്ങിയ ബാഗേലിന്റെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ മൂന്നാമത്തെ ശ്രമമാണിത്.
പ്രധാന മണ്ഡലങ്ങളും സ്ഥാനാര്‍ത്ഥികളും
വയനാട് – രാഹുല്‍ ഗാന്ധി (കോണ്‍ഗ്രസ്)
തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖര്‍ (ബിജെപി), ശശി തരൂര്‍ (കോണ്‍ഗ്രസ്)
ആലപ്പുഴ – കെ.സി വേണുഗോപാല്‍ (കോണ്‍ഗ്രസ്)
ബലുര്‍ഘട്ട് (പശ്ചിമ ബംഗാള്‍) സുകാന്ത മജുംദാര്‍ (ബിജെപി)
ഉദയ്പൂര്‍ – (രാജസ്ഥാന്‍) താരാചന്ദ് മീണ (കോണ്‍ഗ്രസ്)
ഭില്‍വാര – (രാജസ്ഥാന്‍) സി.പി. ജോഷി (കോണ്‍ഗ്രസ്)
ജലോര്‍ – (രാജസ്ഥാന്‍) വൈഭവ് ഗെലോട്ട് (കോണ്‍ഗ്രസ്)
കോട്ട – (രാജസ്ഥാന്‍) ഓം ബിര്‍ള (ബിജെപി) പ്രഹ്ലാദ് ഗുഞ്ചല്‍ (കോണ്‍ഗ്രസ്)
ജോധ്പൂര്‍ – (രാജസ്ഥാന്‍) ഗജേന്ദ്ര സിംഗ് ഷെഖാവത്ത് (ബിജെപി)
പൂര്‍ണിയ – (ബീഹാര്‍) രാജേഷ് രഞ്ജന്‍ എന്ന പപ്പു യാദവ് (IND)
മഥുര – (ഉത്തര്‍പ്രദേശ്) ഹേമമാലിനി (ബിജെപി)
മീററ്റ് – (ഉത്തര്‍പ്രദേശ്) അരുണ്‍ ഗോവില്‍ (ബിജെപി)
തുംകൂര്‍ – (കര്‍ണാടക) വി. സോമണ്ണ (ബിജെപി)
മാണ്ഡ്യ – (കര്‍ണാടക) എച്ച്.ഡി. കുമാരസ്വാമി (ജെഡിഎസ്)
ബാംഗ്ലൂര്‍ – (കര്‍ണാടക) മന്‍സൂര്‍ അലി ഖാന്‍ (INC)
ബാംഗ്ലൂര്‍ സൗത്ത് – (കര്‍ണാടക) തേജസ്വി സൂര്യ (ബിജെപി)
രാജ്‌നന്ദ്ഗാവ് – (ഛത്തീസ്ഗഡ്) ഭൂപേഷ് ഭാഗേല്‍ (കോണ്‍ഗ്രസ്)
അമരാവതി – (മഹാരാഷ്ട്ര) നവനീത് കൗര്‍ റാണ (ബിജെപി)















