ന്യൂഡൽഹി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്കെതിരെ കർശന നിലപാട് സ്വീകരിച്ച് സംസ്ഥാന സർക്കാർ. അറസ്റ്റിനുള്ള വിലക്ക് നീക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ഇക്കിളിപ്പെടുത്തുന്ന വാർത്തകളിലൂടെ, ഷാജൻ സ്കറിയ കേരളത്തിൽ അജണ്ട സെറ്റ് ചെയ്യാൻ ശ്രമിക്കുകയാണെന്നും സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. തുടർന്ന് മുൻകൂർ ജാമ്യം തേടിയുള്ള ഷാജൻ സ്‌കറിയയുടെ ഹർജി സുപ്രീം കോടതി വിധിപറയാനായി മാറ്റി. പി.വി ശ്രീനിജൻ എം.എൽ.എ. നൽകിയ പരാതിയിൽ എസ്.സി./എസ്.ടി. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ മുൻകൂർ ജാമ്യം തേടിയാണ് ഷാജൻ സ്‌കറിയ സുപ്രീം കോടതിയെ സമീപിച്ചത്. ഇതേ കേസിൽ സുപ്രീംകോടതി ഷാജൻ സ്‌കറിയയുടെ അറസ്റ്റ് നേരത്തെ തടഞ്ഞിരുന്നു. അറസ്റ്റിനുള്ള വിലക്ക് നീക്കണമെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വി. ദിനേശ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.
ഇക്കിളിപ്പെടുത്തുന്ന വാർത്തകളിലൂടെ സാധാരണക്കാരെ സ്വാധീനിക്കാനാണ് ഷാജൻ ശ്രമിക്കുന്നതെന്നും സുപ്രീം കോടതി ഇടപെടലിന് ശേഷവും ശ്രീനിജിനെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്നും പി.വി. ദിനേശ് കോടതിയിൽ വാദിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കറും സുപ്രീം കോടതിയിൽ ഹാജരായി.
മുൻകൂർ ജാമ്യം നൽകരുതെന്ന് ശ്രീനിജിന്റെ അഭിഭാഷകൻ ഹാരിസ് ബീരാനും വാദിച്ചു. അതേസമയം, വിവാദ പരാമർശത്തിൽ എസ്.സി./എസ്.ടി. ആക്ട് പ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്ന് ഷാജൻ സ്‌കറിയയ്ക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സിദ്ധാർഥ് ലൂതറ വാദിച്ചു. പരമാവധി എടുക്കാൻ കഴിയുക മാനനഷ്ട കേസാണെന്നും ലൂതറ ചൂണ്ടിക്കാട്ടി.
Kerala government against Shajan scaria in Supreme court