കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ പെരുവഴിയിലാകുന്നോ? ചരിത്രത്തില്‍ ആദ്യമായി ശമ്പള വിതരണം മുടങ്ങി

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത്. ഇത് ആദ്യമായി ജീവനക്കാരുടെ ശമ്പള വിതരണവും തടസ്സപ്പെട്ടു. ട്രഷറിയില്‍ പണം ഇല്ലായ്മ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. അന്നൊക്കെ വിവിധ പദ്ധതികള്‍ക്ക് പണം അനുവദിക്കുന്നത് താമസിപ്പിച്ചിട്ടുമുണ്ട്. പക്ഷെ, ഒരിക്കലും ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കുന്നത് തടഞ്ഞിട്ടില്ല. പക്ഷെ, ഇത്തവണ ആവശ്യത്തിന് പണം ട്രഷറിയില്‍ എത്താത്തിനെ തുടര്‍ന്നാണ് ജീവനക്കാര്‍ക്ക് ചരിത്രത്തില്‍ ആദ്യമായി ശമ്പള-പെന്‍ഷന്‍ വിതരണം മുടങ്ങിയിരിക്കുന്നത്.

ട്രഷറിയില്‍ പണമില്ലാത്തതിനാല്‍ ജീവനക്കാരുടെ ട്രഷറി അക്കൗണ്ടുകള്‍  മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ പലരുടെയും അക്കൗണ്ടുകളില്‍ ശമ്പളം ക്രിഡ്റ്റായതായി കാണിക്കുമെങ്കിലും പണം പിന്‍വലിക്കാനോ, മറ്റ് ബാങ്കുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനോ സാധിക്കാത്ത സ്ഥിതിയാണ്. അഞ്ച് ലക്ഷം പെന്‍ഷന്‍കാര്‍ക്കും പണം എത്തിക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം ട്രഷറിയില്‍ എത്തി നേരിട്ട് പണം കൈപ്പറ്റുന്നവര്‍ക്ക് തടസ്സം നേരിട്ടിട്ടില്ല എന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

അഞ്ചേകാല്‍ ലക്ഷം സര്‍ക്കാര്‍ ജീവനക്കാരാണ് കേരളത്തില്‍ ആകെയുള്ളത്. ഇതില്‍ സെക്രട്ടറിയേറ്റ്, പൊലീസ്, റവന്യു, ട്രഷറി, ജി.എസ്.ടി ജീവനക്കാര്‍ക്കാണ് ഒന്നാം തിയതി തന്നെ ശമ്പളം നല്‍കുന്നത്. ഇവര്‍ക്കുള്ള ശമ്പളം ആദ്യം ട്രഷറിയിലെ അക്കൗണ്ടില്‍ വരികയും പിന്നീട് ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രഡിറ്റാവുകയും ചെയ്യുന്നതാണ് പതിവ് രീതി. മാര്‍ച്ച് ഒന്നിന് ട്രഷറി അക്കൗണ്ടില്‍ പണം എത്തിയതായി കാണിച്ചെങ്കിലും ബാങ്ക് അക്കൗണ്ടുകളിലേക്ക് ശമ്പളവും പെന്‍ഷനും ട്രാന്‍സ്ഫര്‍ ആയില്ല. ട്രഷറി അക്കൗണ്ടില്‍ നിന്ന് പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാന്‍ ശ്രമിച്ച ജീവനക്കാര്‍ക്ക് ട്രഷറി അക്കൗണ്ട് മരവിപ്പിച്ചു എന്ന വിവരമാണ് ലഭിച്ചത്.

യഥാര്‍ത്ഥത്തില്‍ ശമ്പളം വന്നോ എന്ന് ചോദിച്ചാല്‍ വന്നു എന്ന് പറയാം, ശമ്പളം കിട്ടിയോ എന്ന് ചോദിച്ചാല്‍ കിട്ടിയില്ല എന്ന് പറയാം. ഇതാണ് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ അവസ്ഥ. ഇത് ആദ്യമായാണ് സംസ്ഥാനത്ത് ഈ സ്ഥിതിയെന്നാണ് സര്‍വ്വീസ് സംഘടന പ്രതിനിധികള്‍ പ്രതികരിക്കുന്നത്. ശമ്പളം അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാന്‍ സാധിക്കില്ലെങ്കില്‍ പിന്നെ എന്തിനാണ് ട്രഷറി അക്കൗണ്ടുകളില്‍ ക്രഡിറ്റ് കാണിച്ചതെന്ന് വ്യക്തമല്ല. ഒന്നാം തിയതി ജീവനക്കാര്‍ക്ക് ശമ്പളം എത്തിച്ചു എന്ന് രേഖകളില്‍ കാണിക്കാന്‍ വേണ്ടി മാത്രമാണോ ഇതെന്ന വിമര്‍ശന ചോദ്യങ്ങളും ഉയരുന്നുണ്ട്. 

ഏതായാലും ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കേരള സര്‍ക്കാരിന് വലിയ നാണക്കേടാവുകയാണ് ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സാഹചര്യം. കേന്ദ്ര സര്‍ക്കാരാണ് എല്ലാറ്റിനും ഉത്തരവാദിയെന്ന് സംസ്ഥാന സര്‍ക്കാര്‍ പഴിക്കുമ്പോള്‍, സംസ്ഥാനത്തിന്റെ പിടിപ്പുകേടെന്നാണ് പ്രതിപക്ഷ ആരോപണം.

Kerala Government Employees did not get their salary due to Economic crisis

More Stories from this section

family-dental
witywide