
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയിൽ താത്കാലിക പരിഹാരം. ശമ്പളം മുടങ്ങി നാലാം ദിവസമാകുമ്പോളാണ് സർക്കാർ ജീവനക്കാർക്ക് ധനവകുപ്പിൽ നിന്ന് ആശ്വാസ വാർത്തയെത്തുന്നത്. സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം ഇന്ന് തുടങ്ങുമെന്ന് ധനവകുപ്പ് ഉറപ്പുപറഞ്ഞു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെങ്കിലും ഇന്ന് തന്നെ ശമ്പളവിതരണം തുടങ്ങാനുള്ള എല്ലാ നടപടികളും പൂർത്തിയായതായി ധനവകുപ്പ് വ്യക്തമാക്കുന്നത്.
സാങ്കേതിക പ്രശ്നങ്ങളടക്കം എല്ലാം പരിഹരിച്ച് ഉച്ചയോടെ ശമ്പളം നൽകിത്തുടങ്ങുമെന്നാണ് ധനവകുപ്പിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം. ഒന്നും രണ്ടും പ്രവർത്തി ദിവസങ്ങളിൽ ശമ്പളം അനുവദിച്ചവർക്കാണ് ഇന്ന് കിട്ടിത്തുടങ്ങുക. മൂന്നാം പ്രവർത്തി ദിവസം ശമ്പളം കിട്ടുന്നവർക്ക് ഇനിയും ശമ്പളം വൈകുമോ എന്ന ആശങ്കയുണ്ട്.
അതേസമയം മാസം തുടങ്ങി നാല് ദിവസമാകുമ്പോഴും ശമ്പളം കിട്ടാത്തതിൽ ജീവനക്കാർ കടുത്ത പ്രതിഷേധത്തിലാണ്. ശമ്പളം അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് ആക്ഷൻ കൗൺസിൽ അനിശ്ചിത കാല സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ശമ്പള വിതരണത്തിനായി അടിയന്തര നടപടികൾ ധനവകുപ്പിൽ നിന്നുണ്ടായിരിക്കുന്നത്.
Kerala government employees salary issue latest news