ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നിലപാടെന്തെന്ന് ഹൈക്കോടതി; റിപ്പോർട്ടിന്റെ പൂർണരൂപം മുദ്രവെച്ച കവറിൽ സമർപ്പിക്കണം, കേസെടുക്കുമോ എന്ന് വ്യക്തമാക്കണം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. റിപ്പോർട്ടിന്റെ പൂർണരൂപം സെപ്റ്റംബര്‍ 10-ന് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം. കേസ് എടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, ഹേമ കമ്മിറ്റി ജുഡീഷ്യൽ കമ്മിഷൻ അല്ലെന്ന് അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചു.

ആക്ടിങ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട പ്രസക്തഭാഗങ്ങള്‍ ഒഴിവാക്കിയാണ് സര്‍ക്കാര്‍ നിലവില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ടിൽ കുറ്റകൃത്യങ്ങൾ ഉണ്ടെങ്കിൽ അത് കണ്ടില്ലെന്ന് വയ്ക്കാനാവില്ല. പുറത്തുവിട്ട റിപ്പോര്‍ട്ടിൽ കൊഗ്നിസിബൾ ഒഫൻസ് ഉണ്ടെങ്കിൽ നടപടി വേണമെന്നും കോടതി വ്യക്തമാക്കി.

ആരെങ്കിലും പരാതിയുമായി മുന്നോട്ടു വന്നാൽ നടപടി എടുക്കുമെന്ന് കേരള സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വനിതാ കമ്മിഷനെയും കേസിൽ കക്ഷി ചേർത്തു. കൊഗ്നിസിബിൾ ഒഫൻസ് ഉണ്ടെങ്കിൽ അത് പോക്സോ കേസിലാണെങ്കിൽ നടപടിയെടുക്കാനാകുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. മൊഴി നൽകിയവർക്ക് അക്കാര്യങ്ങൾ പുറത്തുപറയാൻ സാധിക്കാത്ത അവസ്ഥയാണെങ്കിലും സ്വകാര്യത സംരക്ഷിച്ചു കൊണ്ട് കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ പറ്റില്ലേ എന്ന് കോടതി ആരാഞ്ഞു.

More Stories from this section

family-dental
witywide