
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസുകളിൽ 17 പ്രതികൾക്ക് ജാമ്യം. പാലക്കാട്ടെ ആർ എസ് എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനത്തെ തുടർന്നെടുത്ത കേസിലുമാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന എൻ ഐ എ വാദം തള്ളിയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ശ്യാം കുമാർ എന്നിവരടങ്ങിയ ബെഞ്ച് 9 പേരുടെ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു. കരമന അഷറഫ് തങ്ങൾ ഉൾപ്പെടെയുള്ള പിഎഫ്ഐ സംസ്ഥാന നേതാക്കൾക്കാണ് ജാമ്യം നിഷേധിച്ചത്.
ശ്രീനിവാസൻ വധക്കേസിൽ ഒമ്പത് പ്രതികൾക്കും പി എഫ് ഐ നിരോധനവുമായി ബന്ധപ്പെട്ട കേസിൽ എട്ട് പ്രതികൾക്കുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സാദിഖ് അഹമ്മദ്, ഷിഹാസ്, മുജാബ്, നെജിമോൻ, സൈനുദ്ദീൻ, പി കെ ഉസ്മാൻ, സി ടി സുലൈമാൻ, രാഗം അലി ഫയാസ് , അക്ബർ അലി, നിഷാദ്,bറഷീദ് കെ ടി, സെയ്ദാലി എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.
കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം വിട്ട് പോകാൻ പാടില്ല. പാസ്പോർട്ട് ഹാജരാക്കണം. ഒരു മൊബൈൽ നമ്പർ മാത്രമെ ഉപയോഗിക്കാൻ പാടുള്ളു. ഈ നമ്പർ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം. മൈാബൈൽ ഫോണിലെ ജി പി എസ് സംവിധാനം ഏത് സമയത്തും ഓൺ ആയിരിക്കണം തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ട് വെച്ചിരിക്കുന്നത്. കരമന അഷ്റഫ് മൗലവി, അബ്ദുൽ റഊഫ് ഉൾപ്പടെയുള്ള ഒമ്പത് പേരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.











