
തിരുവനന്തപുരം: കേരളത്തിൽ പല ജില്ലകളിലും പെരുമഴ തുടരുന്നു. ഇന്നലെ ശക്തമായ മഴ അനുഭവപ്പെട്ട മേഖലകളിൽ ഇന്നും കാര്യമായ തോതിൽ മഴ ലഭിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലർട്ട് ഒരു ജില്ലയിലും ഇല്ലെങ്കിലും അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് 6 ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തന്നെ ചക്രവാതചുഴിയുടെയും ന്യൂനമർദ്ദത്തിന്റെയും സ്വാധീനത്താൽ അടുത്ത 5 ദിവസം കൂടി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ചക്രവാതചുഴിയും ന്യൂനമർദ്ദവും
തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടി / മിന്നൽ / കാറ്റ് ( 30 -40 km/hr.) കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. മെയ് 23 മുതൽ 24 വരെ ഒറ്റപെട്ട സ്ഥലങ്ങളിൽഅതി ശക്തമായ മഴക്കും,മെയ് 23 മുതൽ 25 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുന മർദ്ദം (Low Pressure Area) നിലനിൽക്കുന്നു . വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം മെയ് 24 ഓടെ മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യുന മർദ്ദമായും (Depression ) ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.