
തിരുവനന്തപുരം: സംസ്ഥാനത്ത് ആശ്വാസമായി വേനൽ മഴ എത്തിയെങ്കിലും പല ജില്ലകളിലും ശമനമില്ലാതെ കൊടും ചൂട് തുടരുന്നു. കാലാവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ് പ്രകാരം ഇന്നും നാളെയും സംസ്ഥാനത്ത് 11 ജില്ലകളിൽ കൊടും ചൂട് തുടരുമെന്നാണ് വ്യക്തമാകുന്നത്. തൃശൂർ, പാലക്കാട്, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കൊല്ലം, പത്തനംതിട്ട, കോട്ടയം, കാസറഗോഡ്, ആലപ്പുഴ, മലപ്പുറം ജില്ലകളിലാണ് രണ്ട് ദിവസം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ചൂടിനൊപ്പം അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ഇപ്രകാരം
2024 ഏപ്രിൽ 16 &17 തീയതികളിൽ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40°C വരെയും എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, കാസറഗോഡ് ജില്ലകളിൽ 37°C വരെയും, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 16 &17 തീയതികളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
Kerala high temperature warning 16 April live updates yellow alert for 11 districts