30 രാജ്യങ്ങൾ സൈക്കിളിൽ താണ്ടി മലയാളി ലണ്ടനിലെത്തി, ഉജ്ജ്വല സ്വീകരണം

ലണ്ടൻ: സൈക്കിളിൽ 30 രാജ്യങ്ങൾ കടന്ന് ലണ്ടനിലെത്തിയ മലയാളി യുവാവിന് സ്വീകരണം. മലയാളി യുവാവ് ഫായിസ് അഷ്റഫലിക്ക് രാജ്യാന്തര ബൈസിക്കിൾ ദിനമായ ഇന്നലെ ലണ്ടനിൽ ജോയ് ആലുക്കാസ് ജ്വല്ലറിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്. ഈസ്റ്റ്ഹാമിലെ എംപി സർ സ്റ്റീഫൻ ടിം ഉൾപ്പെടെയുള്ള പ്രമുഖർ പരിപാടിക്കെത്തി.

കേരളത്തിൽനിന്നും പുറപ്പെട്ട് 30 രാജ്യങ്ങൾ കടന്നാണ് കോഴിക്കോട് സ്വദേശി ഫായിസ് അഷ്റഫലി ജൂൺ ഒന്നിന് ബ്രിട്ടനിലെത്തിയത്. 15 മാസത്തോളം നീണ്ട യാത്രയാണ് ലണ്ടനിൽ അവസാനിച്ചത്. 22,800 കിലോമീറ്റർ സഞ്ചരിച്ചാണ് ഫായിസ് ലണ്ടനിലെത്തിയത്. ഇന്ത്യക്ക് പുറമെ ഒമാൻ, യുഎഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഇറാഖ്, ഇറാൻ, അർമേനിയ, ജോർജിയ, തുർക്കി, ഗ്രീസ്, മാസിഡോണിയ, സെർബിയ, ക്രൊയേഷ്യ, സ്ലോവേനിയ, ഓസ്ട്രിയ, സ്ലോവാക്യ, ഹംഗറി, ചെക്ക് റിപ്പബ്ലിക്, ജർമനി, ഡെന്മാർക്ക്, നോർവേ, പോളണ്ട്, സ്വീഡൻ, നെതർലൻസ്, ബൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ചുറ്റിയാണ് ഫായിസിന്‍റെ സൈക്കിൾ യാത്ര.

ലഹരിനിർമാർജനം, കാർബൻ എമിഷൻ, ആരോഗ്യപരിപാലനം എന്നീ വിഷയങ്ങളിൽ സമൂഹത്തിന് സന്ദേശം നൽകുക എന്ന ലക്ഷ്യവും ഫായിസിന്‍റെ യാത്രയ്ക്കുണ്ടായിരുന്നു. വ്യാഴാഴ്ചയാണ് യുകെ അതിർത്തി തുറമുഖമായ ഡോവർ പോർട്ടിൽ ഫായിസ് എത്തിയത്. യാത്രയുടെ സമാപനത്തോടനുബന്ധിച്ച് ശനിയാഴ്ച ഉച്ചയ്ക്ക് ലണ്ടൻ ടവർ ബ്രിഡ്ജിൽ പ്രത്യേക സൈക്കിൾ റാലിയും സംഘടിപ്പിച്ചു.

Kerala man cycle journey touch london after visit 30 countries