ഒടുവിൽ കേരളത്തിൽ മന്ത്രി മാറ്റം സാധ്യമാകുന്നോ? പവാറിനെ കണ്ട് തോമസ് കെ തോമസ്, കാരാട്ടിനെ ബന്ധപ്പെട്ട് പവാർ; കാരാട്ട് പിണറായിയെ വിളിക്കുമോ?

കേരളത്തിലെ എന്‍സിപിയിലെ മന്ത്രി മാറ്റ തര്‍ക്കം തുടങ്ങിയിട്ട് നാളുകൾ ഏറെയായി. എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യത്തിലാണ് എൻ സി പി സംസ്ഥാന നേതൃത്വം. സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടും മുഖ്യമന്ത്രി പിണറായി ഇതിന് അനുകൂലമല്ലാത്തതാണ് മന്ത്രി മാറ്റം നീളുന്നത്. ഇപ്പോഴിതാ ദേശീയ അധ്യക്ഷൻ ശരത് പവാറിനെ നേരിട്ട് രംഗത്തിറക്കാനുള്ള നീക്കത്തിലാണ് ചാക്കോയും തോമസും. ഇരുവരും ഇന്ന് ശരത് പവാറിനെ നേരിൽ കണ്ട് ആവശ്യം വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെ പവാറും ചാക്കോയും സി പി എം ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പ്രകാശ് കാരാട്ടിനെ ബന്ധപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇനി പ്രകാശ് കാരാട്ട് ഔദ്യോഗികമായി ഇക്കാര്യം മുഖ്യമന്ത്രി പിണറായിയോട് ആവശ്യപ്പെടുമോ എന്നതാണ് കണ്ടറിയേണ്ടത്.

അതേസമയം ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ തോമസ് കെ തോമസ്, മന്ത്രി സ്ഥാനം ലഭിക്കാത്തതിലെ അതൃപ്തി പുറത്തറിയിച്ചിട്ടുണ്ട്. പിരിമുറുക്കം താങ്ങാന്‍ ആവാത്തതിനാലാണ് ശരത് പവാറിനെ കാണാന്‍ വന്നതെന്നാണ് തോമസ് കെ തോമസ് മാധ്യമങ്ങളോട് പറഞ്ഞത്.

‘എന്റെ കാര്യങ്ങള്‍ ഞാന്‍ ശരദ് പവാറുമായി സംസാരിച്ചു. പ്രകാശ് കാരാട്ടിനെ കണ്ടതുമായി ബന്ധപ്പെട്ട ചര്‍ച്ചയും ഞാനുമായി ഒരു ബന്ധവുമില്ല. ഞാന്‍ പോയത് ശരദ് പവാറിനെ കാണാനാണ്. അദ്ദേഹത്തെ കണ്ടു. എന്റെ കാര്യങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചു. തിരിച്ചുപോന്നു. മറ്റു കാര്യങ്ങള്‍ ഒക്കെ പി.സി. ചാക്കോ കൃത്യമായി കഴിഞ്ഞ ദിവസം മീറ്റിംഗ് കഴിഞ്ഞപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞതാണ് 17-ാം തീയതിയേ ഇതില്‍ ഒരു തീരുമാനം ഉണ്ടാകൂ. ആ വിഷയം (മന്ത്രി മാറ്റം) അവര്‍ ചര്‍ച്ച ചെയ്യും എന്നത്. പ്രകാശ് കാരാട്ടുമായി നടത്തിയ ചര്‍ച്ചയില്‍ ഞാന്‍ ഇല്ല. അതില്‍ നടന്ന കാര്യങ്ങള്‍ എനിക്ക് അറിയില്ല. വല്ലാത്ത അവസ്ഥയില്‍ ആയതുകൊണ്ടാണ് ശരദ് പവാറിനെ കാണാന്‍ ഞാന്‍ വന്നത്. ഇത് ഒത്തിരി നാളായി മനസില്‍ ഇട്ട് ബുദ്ധിമുട്ടിക്കുന്ന ഒരു വിഷയമായതുകൊണ്ടാണ് അദ്ദേഹത്തെ കാണാന്‍ വന്നത്,’ തോമസ് കെ. തോമസ് പറഞ്ഞു.

More Stories from this section

family-dental
witywide