മരിച്ച കുട്ടി അമ്പഴങ്ങ കഴിച്ചെന്ന് സ്ഥിരീകരണം, നിപയുടെ ഉറവിടമാണോയെന്നറിയാൻ പരിശോധന; വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിച്ചാൽ അപകടമെന്ന് മന്ത്രി

മലപ്പുറം: മലപ്പുറത്ത് നിപ ബാധിച്ച് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച കുട്ടി വവ്വാലിന്റെ സാന്നിധ്യമുള്ള സ്ഥലത്ത് നിന്ന് അമ്പഴങ്ങ കഴിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. കുട്ടിയുടെ സുഹൃത്തുക്കളക്കം ഇക്കാര്യം വ്യക്തമാക്കിയെന്ന് ആരോ​ഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതാണോ നിപ വൈറസ് ബാധയുടെ ഉറവിടം എന്ന് കണ്ടെത്താനടക്കം പരിശോധന നടക്കുകയാണെന്നും മന്ത്രി വിവരിച്ചു.

നിപയുടെ ഉറവിടം കണ്ടെത്താൻ തെളിവുകൾ ശേഖരിച്ച് വരുന്നുണ്ടെന്നും വീണ ജോർജ്ജ് വ്യക്തമാക്കി. ആരും വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കാൻ ശ്രമിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. വവ്വാലുകളെ ഓടിച്ചു വിടാനും തീയിടാനും ശ്രമിക്കരുത്. അത് കൂടുതൽ അപകടം ഉണ്ടാക്കും. കൂടുതൽ വ്യാപനത്തിനും സാധ്യത ഉണ്ടാക്കുമെന്നും ആരോഗ്യ മന്ത്രി വിശദീകരിച്ചു.

നിപ വൈറസ് ബാധയെ തുടർന്ന് 14 കാരൻ മരിച്ച സാഹചര്യത്തിൽ ഇന്ന് 13 പേരുടെ സാമ്പിളുകൾ പരിശോധിക്കുകയാണെന്നും മന്ത്രി വിവരിച്ചു. 9 പേരുടേത് കോഴിക്കോടും 4 പേരുടേത് തിരുവനന്തപുരത്തുമാണ് പരിശോധിക്കുക. മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 350 പേരാണുള്ളത്. ഹൈറിസ്ക് പട്ടികയിൽ 101 പേരുണ്ട്. 68 പേർ ആരോഗ്യപ്രവർത്തകരാണ്. തിരുവനന്തപുരത്തെ നാല് പേർ സമ്പർക്ക പട്ടികയിലുണ്ട്. കുട്ടി ചികിത്സക്ക് വന്ന ആശുപത്രിയിൽ ഇതേസമയം ഇവർ വന്നിരുന്നു. മൂന്നംഗ കുടുംബവും ഡ്രൈവറുമാണുള്ളത്.

അതേസമയം നിപ സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ വിശദമായ പുതിയ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തിറക്കി. പുതിയ റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളിൽ ഈ സമയങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യ വകുപ്പിന്‍റെ നിപ കൺട്രോൾ റൂമിൽ വിവരമറിയിക്കണമെന്നും നിർദേശിച്ചു. അതിനിടെ മലപ്പുറത്ത് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. പൊതുസ്ഥലത്ത് എല്ലാവരും മാസ്ക് ധരിക്കണമെന്നാണ് നിർദേശം.

More Stories from this section

family-dental
witywide