കേരള പൊലീസിന്‍റെ തോക്കും തിരകളും കാണാനില്ല! അന്വേഷണത്തിന് ഉത്തരവിട്ടു, കമാൻഡന്‍റ് ഉൾപ്പെടെയുള്ളവർക്ക് കുരുക്ക്

തിരുവനന്തപുരം: കേരള പൊലീസിന്റെ തോക്കും തിരകളും കാണാതായ സംഭവത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഡ്യൂട്ടിക്ക് പോയി മടങ്ങിവരുമ്പോഴാണ് കേരള പൊലീസിന്‍റെ തോക്കും തിരകളും നഷ്ടമായത്. ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോ​ഗസ്ഥരുടെ പക്കൽ നിന്നുമാണ് തോക്കും തിരകളും കാണാതായത്. മധ്യപ്രദേശ്, രാജസ്ഥാൻ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിവന്ന ശേഷമാണ് സംഭവം പുറത്തറിഞ്ഞത്.

സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കമാൻഡന്‍റ് ഉൾപ്പെടെ 10 പേർക്കെതിരെയാണ് ഇപ്പോൾ ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.. ഉദ്യോ​ഗസ്ഥ സംഘത്തിലുണ്ടായിരുന്ന ഒരു എസ് ഐ തോക്കും തിരയും പുറത്തേക്കെറിഞ്ഞു എന്നതടക്കമുള്ള വിവരങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു. ഡ്യൂട്ടിക്കിടെ മദ്യപിച്ച് ലക്കുകെട്ട് തോക്കും തിരകളും നഷ്ടമാക്കിയെന്നും ആരോപണം ഉയ‍ർന്നിട്ടുണ്ട്.

ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താനാണ് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്. സേനയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് നേരത്തെ ഡി ജി പി റിപ്പോർട്ട് നൽകിയിരുന്നു. കുറ്റം ചെയ്തവർക്കെതിരെ കർശന നടപടി വേണമെന്നും ഡി ജി പി ശുപാർശ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Kerala Police gun and rifle missing case home department starts investigation