ഇന്ന് നിശ്ശബ്ദ പ്രചാരണം; നാളെ കേരളം പോളിങ് ബൂത്തിലേക്ക്

കൊച്ചി: ലോക്സഭതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്നലെ തിരശ്ശീല വീണതോടെ കേരളം ഇന്ന് സാക്ഷ്യം വഹിക്കുക നിശ്ശബ്ദ പ്രചാരണത്തിന്. പിന്നാലെ ആരുവാഴം ആരുവീഴുമെന്ന് നാളെ കേരളം ജനവിധിയെഴുതും.

20 മണ്ഡലങ്ങളിലായി വെള്ളിയാഴ്ച രാവിലെ എഴു മുതൽ വൈകീട്ട് ആറുവരെ നടക്കുന്ന വോട്ടെടുപ്പിൽ 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2,77,49,159 വോട്ടർമാർ സമ്മതിദാനം വിനിയോഗിക്കും. 25,231 ബൂത്തുകളിലായി 30,238 ബാലറ്റ് യൂനിറ്റുകളും 30,238 കൺട്രോൾ യൂനിറ്റുകളും 32,698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക.

ഇന്നലത്തെ കൊട്ടിക്കലാശത്തിനിടെ ആറിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. മലപ്പുറത്ത് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലിലേക്കെത്തിയതോടെ പോലീസ് ലാത്തിവീശി. ആറ്റിങ്ങല്‍, മാവേലിക്കര, ഇടുക്കി,പത്തനാപുരം,കരുനാഗപ്പള്ളി എന്നിവിടങ്ങളിലും സംഘര്‍ ഷമുണ്ടായി. കരുനാഗപ്പള്ളിയില്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഘര്‍ഷത്തിനിടെ നാലു പോലീസുകാര്‍ക്ക് പരിക്കേറ്റു. സി.ആര്‍.മഹേഷ് എംഎല്‍എയ്ക്കും പരിക്കേറ്റിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായതോടെ സംസ്ഥാനത്തെ എട്ട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, കാസർകോഡ്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് നിരോധനാജ്ഞ. 24 മുതൽ വൈകിട്ട് 6 മുതൽ 27 ന് രാവിലെ ആറ് വരെയാണ് നിരോധനാജ്ഞ.

അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടുന്നതും പൊതുയോഗങ്ങളും പ്രകടനങ്ങളും വിലക്കും. സ്ഥാനാർഥികളുടെ നിശബ്ദ പ്രചാരണങ്ങൾ വിലക്കില്ല. ജില്ലയിലെ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരും പ്രചാരകരും ജില്ലവിട്ടു പോകണമെന്നും നിർദേശമുണ്ട്.

More Stories from this section

family-dental
witywide