
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ ശോചനാവസ്ഥയും കുഴികളും നിയമസഭയിൽ ചർച്ചയാക്കി പ്രതിപക്ഷം. ഇക്കാര്യം ചൂണ്ടിക്കാട്ടി അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നോട്ടിസ് നല്‍കിയതോടെയാണ് ചർച്ച കൊഴുത്തത്. സംസ്ഥാനത്ത് മഹാഭൂരിപക്ഷവും ഗതാഗത യോഗ്യമായ റോഡുകളെന്നാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സഭയിൽ മറുപടി പറഞ്ഞത്.
എന്നാല്‍ യുദ്ധഭൂമിയിലേക്ക് എന്നപോലെയാണ് റോഡിലേക്ക് ഇറങ്ങുന്നതെന്നാണ് അടിയന്തരപ്രമേയം അവതരിപ്പിച്ച നജീബ് കാന്തപുരം എം എൽ എ പറഞ്ഞത്. കുഴിയില്ലാത്ത റോഡിലൂടെ പോകാന്‍ തൃശൂര്‍ – കുറ്റിപ്പുറം റോഡില്‍ മുഖ്യമന്ത്രി 16 കിലോമീറ്റര്‍ ചുറ്റി സഞ്ചരിച്ചെന്നും നജീബ് കാന്തപുരം ചൂണ്ടികാട്ടി. യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങള്‍ മന്ത്രി പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമർശിച്ചു.
അതിനിടെ റിയാസിന്‍റെയും നജീബിന്‍റെയും മണിചിത്രത്താഴ് ചിത്രത്തിലെ പരാമർശങ്ങൾ വലിയ തോതിൽ വൈറലായിട്ടുണ്ട്. റോഡിലേക്ക് ഇറങ്ങിയാൽ മണിച്ചിത്രത്താഴിലെ പപ്പുവിന്‍റെ അവസ്ഥ പോലെ ചാടി ചാടിയാണ് കേരള ജനതക്ക് പോകേണ്ടി വരുന്നതെന്ന് നജീബ് പരിഹസിച്ചു. ഗംഗയെന്ന് കരുതിയ നജീബ് നാഗവല്ലിയായി മാറിയെന്നായിരുന്നു റിയാസ് ഇതിന് മറുപടി പറഞ്ഞത്.